ദിലീപിന്റെ മാനേജരും വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

single-img
25 June 2017

വിഷ്ണു

കൊച്ചി: ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തന്നെ വിളിക്കേണ്ടെന്ന് അപ്പുണ്ണി പറഞ്ഞിട്ടും തുടര്‍ച്ചയായി ഇയാള്‍ വിളിച്ച് ശല്യപ്പെടുത്തുകയാണെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്.

ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിഷ്ണു സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് വായിക്കണമെന്നും വിഷ്ണു സംഭാഷണത്തില്‍ ആവശ്യപ്പെടുന്നു. ഇനി ബുധനാഴ്ചയെ വിളിക്കാന്‍ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ തയാറാകണമെന്നും വിഷ്ണു അപ്പുണ്ണിയോട് പറയുന്നു. എന്നാല്‍, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്. പള്‍സര്‍ സുനി എഴുതിയ കത്ത് വാങ്ങാന്‍ വിഷ്ണു പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണ് അപ്പുണ്ണിയുടെ മറുപടി. ഇഷ്ടമുള്ളത് ചെയ്‌തോളാനും പൊലീസില്‍ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.

അതേസമയം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ ചോദ്യം ചെയ്തുവരികയാണ്. സുനിയെഴുതിയെന്ന് കരുതുന്ന കത്ത് ദിലീപിനെത്തിച്ചത് വിഷ്ണുവായിരുന്നു. പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ ഫോണില്‍ വിളിച്ചതും വിഷ്ണുവാണ്. സുനിയുടെ സുഹൃത്തും വരാപ്പുഴ കേസിലെ പ്രതിയുമായ മനീഷിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.