ശബരിമല സന്നിധാനത്തെ പുതിയ കൊടിമരം കേടുവരുത്തിയ നിലയില്‍

single-img
25 June 2017

പത്തനംത്തിട്ട: ഇന്ന് പുന:പതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വര്‍ണ കൊടിമരം കേടുവരുത്തിയ നിലയില്‍ കണ്ടെത്തി. കൊടിമരത്തിന്റെ ചില ഭാഗത്ത് നിറംമാറ്റം വന്നതായണ് കണ്ടെത്തല്‍. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. തുണിയില്‍ മെര്‍ക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തര്‍ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേവസ്വം അധികൃതര്‍ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഫോറന്‍സിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തും. കൊടിമരത്തിന് സമീപമുള്ള സിസിടിവി പരിശോധിച്ചാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തോട് പ്രതികരിച്ച സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവം വളരെ ഗൗരവകരമാണെന്ന് വിലയിരുത്തി. സംഭവത്തിന് പിന്നില്‍ കുടിപ്പകയുണ്ടോയെന്ന് സംശയിക്കുന്നതായി മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9,161 കിലോ ഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്.