അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്തദിനം; മന്‍കി ബാത്തില്‍ മോദി

single-img
25 June 2017

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 ഭാരത ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ജനാധിപത്യ വിശ്വാസിയും ആ കറുത്ത ദിനം മറക്കില്ലെന്നും മോദി. മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിശ്വാസികള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി അമേരിക്കയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍.

പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക് പോലും അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ജനാധിപത്യം പുനസ്ഥാപിക്കാന്‍ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികള്‍ക്ക് നടത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മന്‍ കി ബാത്തില്‍ ഉദ്ധരിച്ചു.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ജനാധിപത്യാവകാശങ്ങള്‍ ഹനിക്കപ്പെട്ട് മിക്ക പ്രതിപക്ഷ നേതാക്കളും അന്ന് ജയിലില്‍ ആയിരുന്നു . ജനാധിപത്യം പുനസ്ഥാപിക്കാന്‍ പോരാട്ടം നടത്തിയ ബിജെപി ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ കടുത്ത യാതനകളാണ് അക്കാലത്ത് നേരിട്ടത്. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ മൂല്യങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോ സംഭാഷണ പരമ്പര മന്‍കി ബാത്തിന്റെ 33 ആം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശുചിത്വ ഇന്ത്യക്കായി ഒരുമിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം മന്‍കി ബാത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ശ്രീകാന്ത് ഇന്ത്യയുടെ അഭിമാനമാണെന്നും സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ള കുട്ടികളെ ഒരിക്കലും അതില്‍ നിന്നും പിന്തിരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.