ദിലീപിനെ പിന്തുണച്ച് നാദിര്‍ഷ; ‘ദിലീപിനെതിരെ നടക്കുന്നത് ഗൂഢാലോചന’

single-img
24 June 2017


കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ. വിഷ്ണു എന്ന് പറഞ്ഞയാള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നേരിട്ടു കാണണം എന്നാവശ്യപ്പെട്ടാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്. നേരില്‍ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് ദിലീപുമായി ബന്ധപ്പെട്ട കാര്യമാണെന്നു അറിയിച്ചത്. പിന്നീടാണ് മറ്റ് വിവരങ്ങള്‍ പറയുന്നത് എന്നും നാദിര്‍ഷ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് പറയാന്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിളിച്ചയാള്‍ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖരായ നിര്‍മ്മാതാക്കളുടെയും നടീനടന്മാരുടെയും പേരുകളാണ് അയാള്‍ പറഞ്ഞത് നാദിര്‍ഷ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ പണം നല്‍കണം എന്നും വിളിച്ചയാള്‍ പറഞ്ഞു. വിളിച്ചത് പള്‍സര്‍ സുനിയാണോ എന്ന് പോലും വ്യക്തമല്ല. എന്ത് തന്നെയായാലും വിളിച്ചയാള്‍ പറഞ്ഞ പേരുകള്‍ വിശ്വസിക്കുന്നില്ല. ദിലീപുമായി അത്രമേല്‍ അടുപ്പമുള്ളവരുടെ വരെ പേരുകള്‍ അതിലുണ്ട് നാദിര്‍ഷ പറഞ്ഞു.

തന്നെ വിളിച്ചപ്പോള്‍ തന്നെ ആ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചു നല്‍കുകയും ദിലീപ് അത് പോലീസിന് കൈമാറുകയുമായിരുന്നുവെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു