ഡിജിപിക്ക് പരാതിയുമായി നടന്‍ ദിലീപും നാദിര്‍ഷയും; നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്നത് ബ്ലാക്‌മെയില്‍ ശ്രമം

single-img
24 June 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ഡിജിപിക്ക് പരാതി നല്‍കി. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട് നാദിര്‍ഷയെയും ദിലീപിനെയും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പറയാന്‍ പലകോണുകളില്‍ നിന്നും തങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും പേര് പറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളും ദിലീപ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ഏപ്രില്‍ 20നാണ് ഇതു സംബന്ധിച്ച പരാതി നല്‍കുന്നത്. ഇതിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. ഇതു സംബന്ധിച്ച എല്ലാ തെളിവും പൊലീസിന് കൈമാറിയിട്ടുണ്ടെന്നു ദിലീപ് വ്യക്തമാക്കി. ഇതോടെ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തിലെത്തുകയാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന നിലപാടിലാണ് ആരോപണ വിധേയരായ ദിലീപും നാദിര്‍ഷായും. എല്ലാം ബ്ലാക്ക് മെയിലിലൂടെ പണം തട്ടാനുള്ള ശ്രമമാണെന്നും ഇവര്‍ പറയുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരാളെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അപവാദ പ്രചരണത്തിലൂടെ തകര്‍ക്കാനുള്ള ശ്രമത്തെ നിയമപരമായി തന്നെ നേരിടുമെന്നും ദിലീപും നാദിര്‍ഷായും പറഞ്ഞു.

അതേസമയം യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രമുഖ സംവിധായകനില്‍ നിന്ന്‌പൊലീസ് മൊഴിയെടുക്കുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മോഷണക്കേസ്പ്രതി ജിന്‍സില്‍ നിന്ന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് മൊഴി പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ചര്‍ച്ച സജീവമാക്കിയത്.

കേസില്‍ യുവസംവിധായകന് ഇതുസംബന്ധിച്ച അറിവുണ്ടെന്ന് ജിന്‍സന്‍ പറഞ്ഞതായാണ് സൂചന. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം എഡിജിപി ബി സന്ധ്യ നടിയെ ആലുവ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. ജിന്‍സിന്റെ പുതിയ വെളിപ്പെടുത്തല്‍ ബ്ലാക്ക്മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അന്വേഷണവേളയില്‍ പള്‍സര്‍ സുനി പൊലീസില്‍ നിന്ന് മറച്ചുവച്ച വിവരങ്ങളാണ് കാക്കനാട് ജില്ലാ ജയിലില്‍ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സിനോട് വെളിപ്പെടുത്തിയത്. സിനിമാരംഗത്തുള്ള ഒരാള്‍ ഏല്‍പ്പിച്ചതനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്നാണ് സുനി ജിന്‍സിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ ജിന്‍സിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷനല്‍കി. കോടതി ഇത് അനുവദിച്ചിട്ടുണ്ട്. തീയതി പിന്നീട് തീരുമാനിക്കും. ഇതിനിടെയാണ് ബ്ലാക്ക് മെയില്‍ പരാതിയുമായി ദിലീപും നാദിര്‍ഷായും രംഗത്തെത്തുന്നത്.

ജിന്‍സിന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയശേഷം കോടതിയുടെ അനുമതിയോടെ ഔദ്യോഗികമായി തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. കേസില്‍ പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴുപേര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ പള്‍സര്‍ സുനി നിരവധി പ്രമുഖരെ ബന്ധപ്പെട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചു.നടിയെ ആക്രമിച്ചത് വിശദീകരിക്കുന്ന കത്ത് മറ്റൊരു തടവുകാരന്റെ സഹായത്തോടെ സുനി പുറത്തുവിട്ടു.

ഇതാണ് നിര്‍ണ്ണായകമായത്. അതേസമയം സുനി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജിന്‍സണ്‍ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ജിന്‍സന്‍ പറഞ്ഞു. അതേസമയം പൊലീസ് തന്നെ ഒരുക്കിയ ഫോണ്‍ കെണിയാണ് ഇതെന്ന വിലയിരുത്തല്‍ കൂടിയുണ്ട്. ജയിലില്‍ എത്തിയാല്‍ സുനി ഏറ്റവും ആദ്യം ബന്ധപ്പെടുക തന്നെ സഹായിക്കേണ്ടവരെയാണ് എന്ന നിഗമനത്തിലാണ് ഇങ്ങനെയൊരു കെണി ഒരുക്കിയതെന്നും അഭ്യൂഹങ്ങളുണ്ട്.