നടിയെ ആക്രമിച്ച കേസില്‍ കേരളത്തില്‍ വിവാദപ്പെരുമഴ; കൂസലില്ലാതെ മഞ്ചുവാര്യരും സംഘവും യുകെയില്‍

single-img
24 June 2017

മാഞ്ചസ്റ്റര്‍: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിവാദങ്ങളും പുതിയ വഴിത്തിരിവുകളും വന്നുകൊണ്ടിരിക്കെ മഞ്ജു വാര്യരും ഭാവനയും മാഞ്ചസ്റ്ററില്‍ വിമാനം ഇറങ്ങി. സൂപ്പര്‍താരം നിവിന്‍ പോളിയും ഒപ്പമുണ്ടായിരുന്നു. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഇവരുടെ വരവ്. മഞ്ജുവിന്റെ ഇടപെടലാണ് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു വരുന്നതിലേക്ക് വഴിവെച്ചത്. ഇതിനിടെയാണ് ദിലീപും നാദിര്‍ഷായും ആരോപണവുമായെത്തിയത്. വിവാദങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ ഇപ്പോള്‍ പ്രാധാന്യം ആഘോഷത്തിനെന്ന തരത്തിലാണ് മഞ്ജു യുകെയില്‍ എത്തിയത്.

അനുശ്രീ, ഉണ്ണി മുകുന്ദന്‍ തുടങ്ങി മലയാളത്തിന്റെ അന്‍പതോളം സൂപ്പര്‍ താരങ്ങള്‍ ഇന്ന് അപ്പോളോയില്‍ ഒരുക്കുന്ന ആവേശക്കാഴ്ചകള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യുകെ മലയാളികള്‍. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ദേശീയ അവാര്‍ഡ് താരം സുരാജ് വെഞ്ഞാറമൂട്, ധര്‍മ്മജന്‍, മുകേഷ്, അപര്‍ണ ബാലമുരളി, തെസ്‌നിഖാന്‍ എന്നീ മലയാളത്തിന്റെ വമ്പന്‍ താരനിര തന്നെയുണ്ട് യുകെയിലെ ഇന്നത്തെ ആഘോഷരാവില്‍.

മോഹന്‍ലാലിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ലാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ഇന്നസെന്റും മുകേഷും ഒപ്പം സുരാജ്, ധര്‍മ്മജന്‍ കൂട്ടുകെട്ടും വ്യത്യസ്തമായ നമ്പറുകളുമായാണ് ഇത്തവണ എത്തുന്നത്. പരിപാടി നടക്കുന്ന മാഞ്ചസ്റ്റര്‍, സമീപ സ്ഥലങ്ങളായ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരാണ് ടിക്കറ്റ് മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്.