31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-38 വിക്ഷേപിച്ചു

single-img
23 June 2017

ബംഗളൂരു: വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്.

കാര്‍ട്ടോസാറ്റ്-രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമുണ്ട്. ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്‌വിയ, ലിത്വാനിയ, സ്‌ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരി ജില്ലയിലെ തക്കല നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റി നിര്‍മിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങള്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു.