കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഒന്നാമതായി തിരുവനന്തപുരം; മൂന്നാംഘട്ടത്തില്‍ 30 നഗരങ്ങള്‍

single-img
23 June 2017

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരവും ഇടം നേടി. കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുപ്പത് നഗരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്. റായ്പൂരാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

30 നഗരങ്ങള്‍ക്കായി 57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ ലഭിക്കുക. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ഇതിലേക്ക് വിഹിതം അടയ്ക്കണം. നിശ്ചിതശതമാനം തുക സ്വകാര്യനിക്ഷേപമായും സ്വീകരിക്കണം.1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 500 കോടി രൂപ കേന്ദ്രം നല്‍കും 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 50 കോടി രൂപ തിരുവനന്തപുരം നഗരസഭയാണ് നല്‍കേണ്ടത്. അവേശഷിക്കുന്ന തുക സ്വകാര്യനിക്ഷേപമായും കണ്ടെത്തണം.

2016 ജനുവരിയില്‍ പ്രഖ്യാപിച്ച ആദ്യ ഘട്ടപട്ടികയില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നു. രണ്ടാമത്തെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒറ്റ നഗരത്തേയും ഉള്‍പ്പെടുത്തിയിരുന്നില്ല. മൂന്നാം ഘട്ടത്തിലാണ് തലസ്ഥാന നഗരം പട്ടികയുടെ ഭാഗമായത്.അടിസ്ഥാന സൗകര്യ വികസനം, വെള്ളം, വൈദ്യുതി, ശുചീകരണ-മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, ഇ -ഗവേണന്‍സ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയാണ് സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകത. പദ്ധതി പ്രകാരം ആദ്യവര്‍ഷം 200 കോടി രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 കോടിയും കേന്ദ്ര സഹായമായി നഗരങ്ങള്‍ക്ക് ലഭിക്കും. രാജ്യത്ത് 100 നഗരങ്ങളെ 2019-2020-ഓടെ സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കുകയാണ് കേന്ദ്ര തീരുമാനം. അഞ്ചു വര്‍ഷം കൊണ്ട് 48,000 കോടി രൂപ ഈ നഗരങ്ങളുടെ വികസനത്തിനായി അനുവദിക്കും.