1000 ലൈക്ക് തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴേക്കിടും; കുട്ടിയെ 15-ാം നിലയില്‍ തൂക്കിയിട്ട യുവാവിന് രണ്ടുവര്‍ഷം കഠിനതടവ്

single-img
23 June 2017


അള്‍ജിയേഴ്സ്: സോഷ്യല്‍മീഡിയ പലപ്പോഴും ജനങ്ങളെ മനോരോഗികളാക്കുകയാണ്… ലൈവ് ആത്മഹത്യകള്‍ക്കും ദുരന്തം വിതച്ചുകൊണ്ടുള്ള സാഹസിക ഫോട്ടോയെടുപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അനുദിനം കണ്ടുകൊണ്ടിരിക്കയാണ്. എത്ര അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാലും വീണ്ടും അതാവര്‍ത്തിക്കപ്പെടുന്നത് ജനശ്രദ്ധ ആകര്‍ഷിക്കാനും ലൈക്കുകള്‍ക്കു വേണ്ടി മാത്രമാണ്. മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രചരിക്കുന്നത്. ഫെയ്സ്ബുക്കില്‍ ആയിരം ലൈക്കുകള്‍ക്ക് വേണ്ടി ഒരു ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ 15ാം നിലയില്‍ നിന്നും താഴേക്ക് തൂക്കി പിടിച്ച് ബന്ധുവിട്ട പോസ്റ്റാണ്. ദാരുണമായ പ്രവര്‍ത്തിക്ക് ബന്ധുവിന് കോടതി 2വര്‍ഷം കഠിന തടവ് വിധിച്ചു. അള്‍ജീരിയയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബാല്‍ക്കണിക്ക് സമീപം നിന്ന് കയ്യില്‍ ചെറിയ കുട്ടിയെ തൂക്കി പിടിച്ചു കൊണ്ടുളള ഫോട്ടോയാണ് ബന്ധു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അല്‍ജിയഴ്സിലെ പാര്‍പ്പിട സമുച്ചയത്തില്‍ നിന്നുള്ളതാണ് ദൃശ്യം. ഫോട്ടോയോടൊപ്പം ‘എനിക്ക് 1000 ലൈക്ക് തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴേക്കിടും’ എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു.ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ബാലപീഡനത്തിന് കേസെടുക്കണമെന്ന് വരെ ആവശ്യമുയരുകയും ചെയ്തു.സോഷ്യല്‍മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും വരുന്നുണ്ട്.

എന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തിയല്ല താനിത് ചെയ്തതെന്നാണ് ബന്ധു പറയുന്നത്. തമാശയായിരുന്നത്രെ..മാത്രമല്ല ചിത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും താഴേക്ക് വീഴാതിരിക്കാന്‍ ബാല്‍ക്കണിയില്‍ തടസ്സങ്ങളുണ്ടായിരുന്നെന്നും ബന്ധു അവകാശപ്പെട്ടു. എന്നാല്‍ കോടതി ഈ വാദം ചെവിക്കൊണ്ടില്ല. വെറും തമാശയായിരുന്നെന്ന് പറഞ്ഞ് ബന്ധുവിന് വേണ്ടി കുട്ടിയുടെ അച്ഛനും കോടതിയോട് അപേക്ഷിച്ചെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളുകയായിരുന്നു.തെറ്റായ പ്രവണതയായതിനാല്‍ മാതൃകാപരമായി ശിക്ഷ നല്‍കുകയായിരുന്നു.