കള്ളനോട്ടടി: രാഗേഷിന് ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം; അന്വേഷണം ഉന്നതങ്ങളിലേക്കും

single-img
23 June 2017

തൃശൂര്‍:യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ നിന്നും കള്ളനോട്ടടി യന്ത്രവും കള്ളനോട്ടുകളും പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഉന്നതങ്ങളിലേക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അറസ്റ്റിലായ രാഗേഷ്. അതുകൊണ്ടുതന്നെ ഈ ബന്ധം ഉപയോഗപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇയാള്‍ പണം വാരിക്കോരി ചിലവഴിച്ചിരുന്നത് എവിടേയ്‌ക്കെല്ലാമാണെന്നും എത്രമാത്രം വ്യാജ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ടെന്നും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ പലിശയ്ക്ക് നല്‍കിയിരുന്ന പണമെല്ലാം വ്യാജ നോട്ടടി യന്ത്രത്തിലൂടെ നിര്‍മിച്ചതാണെന്ന സംശയത്തിലാണ് പോലീസ്. രണ്ടാഴ്ച മുന്പാണ് നോട്ടു പ്രിന്റു ചെയ്യുന്ന യന്ത്രവും മറ്റും വാങ്ങിയതെന്ന രാഗേഷിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ മുതല്‍ അച്ചടിച്ചിരുന്നതുകൊണ്ട് സമൂഹത്തിന്റെ താഴേത്തട്ടിലേക്കു വരെ കള്ളനോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്.

അതിനിടെ രാഗേഷിന്റെ സംസ്ഥാന നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വലിയ തോതില്‍ സംഘപരിവാര്‍ നേതൃത്വം കേരളത്തിലെ പരിപാടികള്‍ക്കായി പണം മുടക്കുന്നുണ്ട്. ഇത് എവിടെ നിന്ന് വരുന്നുവെന്ന് അന്വേഷിക്കണമെന്നും നേതാക്കളുടെ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി ഏരാശേരി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ ഇയാള്‍ സംസ്ഥാന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ് തുടങ്ങിയവരോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാള്‍ക്ക് പാര്‍ട്ടിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മമ്പുമാത്രം രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയ രാഗേഷിന് വളരെ വേഗത്തില്‍ തന്നെ ഉന്നതരുമായി ബന്ധമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതായും ആരോപണമുണ്ട്.

വീസ വാഗ്ദാനം ചെയ്തും രാഗേഷ് മുന്‍പ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.