വീട്ടില്‍ നോട്ടടിയന്ത്രവുമായി അറസ്റ്റിലായ ബിജെപി നേതാവ് അറിയപ്പെടുന്ന കംപ്യൂട്ടര്‍ വിദഗ്ധൻ;പണം പലിശയ്ക്ക് നല്‍കിയിരുന്ന രാകേഷിന്റെ ഇടപാടുകള്‍ ദുരൂഹത നിറഞ്ഞത്

single-img
23 June 2017


കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം അഞ്ചാംപരുത്തിയില്‍ കള്ളനോട്ട് അച്ചടിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിജെപി നേതാവ് രാകേഷ് അറിയപ്പെടുന്ന കംപ്യൂട്ടര്‍ വിദഗ്ധൻ.ഇക്കണോമിക്‌സ് ബിരുദധാരിയായ ഇയാള്‍ കംപ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും തുടര്‍ന്ന് ഗള്‍ഫിലും ജോലിചെയ്തിരുന്നു. അവിടെനിന്നും തിരിച്ച് ഡല്‍ഹിയിലെത്തിയ ഇയാള്‍ അവിടെ ഒരു സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങിയാണ് നാട്ടിലെത്തിയതെന്ന് പറയുന്നു.

ഇയാളുടെ ഇടപാടുകള്‍ ദുരൂഹത നിറഞ്ഞതാണു.പ്രത്യേകിച്ച് ജോലികളൊന്നുമില്ലെങ്കിലും ഇയാള്‍ മുഴുവന്‍ സമയവും തിരക്കിലായിരുന്നു.ഇടയ്ക്കിടെ നാട്ടില്‍നിന്നു വിട്ടുനിന്നിരുന്ന ഇയാള്‍ എവിടെയാണ് തമ്പടിച്ചിരുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അറിയാന്‍ കഴിഞ്ഞിരുന്നില്ല.
വലിയതോതില്‍ പണം പലിശയ്ക്ക് നല്‍കിയിരുന്ന രാകേഷിന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയം നിലനിന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് അടുത്ത വീട്ടുകാരുടെ ഒരു ആധാരം വായ്പയെടുത്ത് നല്‍കാമെന്നു പറഞ്ഞ് വാങ്ങുകയും പിന്നീട് വ്യാജ ആധാരം മടക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

അതിനിടെ കള്ളനോട്ട് അടിച്ചതിന് പിടിയിലായ ബിജെപി നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് ഡീന്‍ ഡിജിപിക്ക് കത്ത് നല്‍കി.