പ്ലാസ്റ്റിക് നിരോധനം: സംസ്ഥാനത്ത് ആറ് മാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കും

single-img
23 June 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. സ്റ്റോക്കുള്ള സഞ്ചികള്‍ നീക്കംചെയ്യുന്നതിനോ ഉപയോഗിച്ചുതീര്‍ക്കുന്നതിനോ ആണ് ആറുമാസം സമയമനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളും പഴംപച്ചക്കറിക്കടകളും മത്സ്യസ്റ്റാളുകളും ഇറച്ചിക്കടകളും മാലിന്യം സംസ്‌കരിക്കാന്‍ സ്വന്തം സംവിധാനമൊരുക്കണം. പ്രവര്‍ത്തിക്കുന്നിടത്ത് സൗകര്യമില്ലെങ്കില്‍ മറ്റൊരിടത്ത് സംവിധാനമൊരുക്കി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. ഇതിനായി ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തും. ഹോട്ടലുകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കും. കുടുംബശ്രീ അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. സംസ്‌കരണയൂണിറ്റുകളില്‍നിന്നുള്ള പ്ലാസ്റ്റിക് പൊതുമരാമത്ത് വകുപ്പിന് റോഡ് നിര്‍മാണത്തിനായി കിലോഗ്രാമിന് 20 രൂപ നിരക്കില്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങളും റോഡുനിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.