തിരുവനന്തപുരത്ത് നവജാത ശിശുവിനെ സുഹൃത്തിന് വിറ്റ അമ്മ അറസ്റ്റില്‍

single-img
23 June 2017

തിരുവനന്തപുരം : പ്രസവാനന്തരം നവജാത ശിശുവിനെ പണത്തിനു കൈമാറിയ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കാട്ടാക്കട മണ്ണാംകോണം അഞ്ചുതെങ്ങിന്‍മൂട് കിഴക്കേക്കര വീട്ടില്‍ അനുപമയാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടുകാരനായ സുഹൃത്തിന് മൂന്നുലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ 11നാണ് അനുപമ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിറ്റേന്ന് തന്നെ തമിഴ്‌നാട്ടുകാരായ ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റതായാണ് ആരോപണം. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയ യുവതി കുഞ്ഞില്ലാതെ മടങ്ങിവന്നതാണ് സംശയത്തിന് ഇടയാക്കിയത്. പ്രവസാനന്തരം കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതിയുടെയും വീട്ടുകാരുടെയും വിശദീകരണം. എന്നാല്‍ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ വില്‍പനക്കാര്യം വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞുകഴിയുന്ന യുവതിക്ക് വേറെ രണ്ട് കുട്ടികള്‍കൂടിയുണ്ട്. എസ്എടി ആശുപത്രി കേന്ദ്രീകരിച്ചുള്ള ലോബിയാണു വില്‍പനയ്ക്കു പിന്നിലെന്നാണു വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ആരോഗ്യ വകുപ്പും ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയതായാണു സൂചന. ആശുപത്രി കേന്ദ്രീകരിച്ചു നവജാത ശിശുക്കളുടെ വില്‍പന നടക്കുന്നുവെന്നു നേരത്തേ ആക്ഷേപമുണ്ട്. ആശുപത്രിയിലെ ചില ജീവനക്കാര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.