നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ്;അക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടുമെടുത്തു

single-img
23 June 2017

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ അന്വേഷണത്തിൽ വഴിത്തിരിവ്. സംഭവത്തിൽ സിനിമാ മേഖലയിലുള്ള ഒരു പ്രമുഖന് പങ്കുണ്ടെന്ന വിവരത്തെ തുടർന്ന് എ.ഡി.ജി.പി ബി.സന്ധ്യ നടിയെ വിളിച്ചു വരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി.
ആക്രമണ സംഭവത്തിൽ ആരോപണ വിധേയനായ നടന് പങ്കുണ്ടോ എന്ന് അന്വേഷണ സംഘം നടിയോട് ചോദിച്ചു. എന്നാൽ തനിക്ക് ഇക്കാര്യ അറിയില്ലെന്നും നടൻ സിനിമയിലെ തന്‍റെ ഒരുപാട് അവസരങ്ങൾ ഇല്ലാതാക്കിയെന്നും തന്നെ അഭിനയിപ്പിക്കരുതെന്ന് ചില നിർമാതാക്കളോട് പറഞ്ഞതായും അറിയാമെന്ന് നടി പറഞ്ഞു.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന.സൂചന ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മൊഴി ഗൗരവത്തോടെ എടുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

പള്‍സര്‍ സുനി ജിന്‍സനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്‌മെയിലിങ് ആണോ ലക്ഷ്യമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ പൊലീസിനോട് പങ്കുവെച്ച ജിന്‍സനും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സനും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

സിനിമ മേഖലയിലെ പ്രമുഖർ പ്രതിസ്ഥാനത്തെത്താൻ സാധ്യതയുള്ള കേസായതിനാൽ സൂചനകളിൽ വാസ്തവമുണ്ടെങ്കിൽ മാത്രമേ പോലീസ് നടപടിയിലേക്ക് നീങ്ങൂ.

ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.