അഫ്ഗാനില്‍ ശമ്പളം വാങ്ങാന്‍ വരിനിന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്‌ഫോടനം; 15പേര്‍ കൊല്ലപ്പെട്ടു

single-img
22 June 2017

കാബൂള്‍: സുരക്ഷസേനയക്ക് നേരെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗയിലെ ന്യൂ കാബൂള്‍ ബ്രാഞ്ചിന് സമീപമാണ് ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഇതില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്. അഫ്ഗാന്‍ സൈനികരെ ലക്ഷ്യമാക്കിയായിരുന്നു ചാവേറാക്രമണം. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് മുന്‍കൂര്‍ ശമ്പളം വാങ്ങാന്‍ ബാങ്കില്‍ നീണ്ട നിരയുണ്ടായിരുന്നു. ഇതിന് സമീപം അപകടം നടന്നത് മരണ സംഖ്യ ഉയരാന്‍ ഇടയാക്കി. അഫ്ഗാനിസ്ഥാനില്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് 15 പേരുടെ മരണത്തിനടയാക്കിയ ഇന്നത്തെ ആക്രമണം. ജൂണ്‍ 20ന് താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിലെ എട്ട് സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കാബുളില്‍ അടുത്തിടെ മാലിന്യം കയറ്റുന്ന വാഹനം പൊട്ടിത്തെറിച്ച് 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.