2023-ല്‍ ജനസംഖ്യ 800 കോടി കവിയുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ചൈനയെ ഇന്ത്യ പിന്തള്ളുമെന്നും റിപ്പോര്‍ട്ടില്‍

single-img
22 June 2017

ജനസംഖ്യാ വളര്‍ച്ചയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ 2024-ഓടെ മുന്നിലെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2022 -ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണക്കുക്കൂട്ടിയിരുന്നെങ്കിലും നിലവിലെ ജനസംഖ്യാ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ വര്‍ധനവ് രണ്ട് വര്‍ഷം കൂടി വൈകുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2030 -ല്‍ ഇന്ത്യയില്‍ ജനസംഖ്യ 150 കോടിയാകുമെന്നാണ് യുഎന്‍ പറയുന്നത്. നിലവില്‍ ചൈനയുടേത് 141 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. 2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നും യുഎന്‍ പ്രവചിക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക ജനസംഖ്യാ സര്‍വേയിലെ കണ്ടെത്തലില്‍ ഇന്ത്യ, ചൈന, പാകിസ്ഥാന്‍, അമേരിക്ക എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളായിരിക്കും ജനസംഖ്യാ വര്‍ധനവില്‍ കാര്യമായ സംഭാവനകള്‍ നല്‍കുക. ഇതില്‍ ആണുങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ആദ്യമായി 100 കോടി കവിയുമെന്നും യുഎന്‍ വിലയിരുത്തുന്നു. പ്രതിവര്‍ഷം ലോകജനസംഖ്യയില്‍ 84 ലക്ഷം വീതമാണ് വര്‍ധനയുണ്ടാകുന്നത്. 2030 ആകുമ്പോഴേക്കും ജനസംഖ്യ 860 കോടിയായും 2050-ല്‍ 980 കോടിയും 2100 ആകുമ്പോഴേക്കും 1120 കോടിയായും ജനസംഖ്യ വര്‍ധിക്കുമെന്നാണ് യുഎന്റെ കണക്കുകൂട്ടല്‍.

2050-ഓടെ ഉണ്ടാകുന്ന ജനസംഖ്യാവര്‍ധനവിന്റെ പകുതിയും ആഫ്രിക്കയിലെ തെക്കന്‍ സഹാറപ്രദേശങ്ങളില്‍ നിന്നായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ നൈജീരിയയാണ് ജനനനിരക്കില്‍ മുന്‍പന്തിയില്‍.