പാകിസ്താന്റെ വിജയം ആഘോഷിച്ച യുവാക്കള്‍ക്ക് ‘പണി’ കിട്ടി; കാസര്‍ഗോഡ് 23 പേര്‍ക്കെതിരെ കേസ്

single-img
21 June 2017


കാസര്‍ഗോഡ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്് ഫൈനലില്‍ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ വിജയം ആഘോഷിച്ച 23 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡാണ് സംഭവം. ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെയാണ് കേസ്. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതായും പരാതിയുണ്ട്.

ചക്കുടലില്‍ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കുമെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അന്യായമായ സംഘം ചേരല്‍(ഐപിസി 143,147), ജനങ്ങളെ ഭയപ്പെടുത്തുംവിധം പടക്കം പൊട്ടിക്കല്‍ (ഐപിസി 286,153), സംഘം ചേര്‍ന്ന് കുഴപ്പം സൃഷ്ടിക്കല്‍ (ഐപിസി 149) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കുമ്പടാജെ പഞ്ചായത്ത് മുന്‍പ്രസിഡന്റും ബി.ജെ.പി നേതാവുമായ രാജേഷ് ഷെട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ ‘പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പടക്കം പൊട്ടിച്ചെന്നും ബിജെപി നേതാവ് പരാതിയില്‍ ആരോപിച്ചു. അതേസമയം പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനും പ്രത്യേകം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍പ്പനടുക്കയില്‍ പ്രകടനം നടത്തി.

നേരത്തേ മധ്യപ്രദേശില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന്‍ ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 15 മുസ്ലിം യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തിരുന്നു. മധ്യപ്രദേശിലെ ബുര്‍ഹാപൂരിലെ മൊഹദ് ഗ്രാമവാസികള്‍ക്കെതിരെയാണ് രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്. 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.