വെള്ളിത്തിരയില്‍ ‘മോദിയായി’ മിസ്റ്റര്‍ ക്ലീന്‍ അക്ഷയ്കുമാര്‍

single-img
21 June 2017

വിവിധ വേഷങ്ങളിലെത്തി ബോളിവുഡ് ആരാധകരെ ഇളക്കി മറിച്ച ആക്ഷന്‍ ഹീറോ അക്ഷയ്കുമാര്‍ വെള്ളിത്തിരയില്‍ ഇനി അടുത്ത പരീക്ഷണത്തിനൊരുങ്ങുന്നു. പ്രധാനമന്ത്രിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മോദിയുടെ റോള്‍ കൈകാര്യം ചെയ്യുന്നത് അക്ഷയ്കുമാറാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അനുപം ഖേര്‍, നടനും എംപിയുമായ പരേഷ് റാവല്‍, നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും ചിത്രത്തിലുണ്ടെന്ന് വാര്‍ത്തകളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പലപരിപാടികളിലും സജീവപങ്കാളിയാണ് ഇത്തവണ മികച്ച നടനുള്ള അവാര്‍ഡ് നേടിയ അക്ഷയ്കുമാര്‍. ശൗചാലയങ്ങളുടെ ആവശ്യകതയെപറ്റി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബോധവല്‍കരണവുമായി അക്ഷയ് കുമാര്‍ എത്താറുണ്ട്.

മോദിയായി അഭിനയിക്കാന്‍ മറ്റാരേക്കാളും അനുയോജ്യനായ നടന്‍ അക്ഷയ്കുമാര്‍ തന്നെയാണെന്നാണ് നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ അഭിപ്രായം. അക്ഷയ്കുമാര്‍ എന്നാല്‍ ഇന്ത്യയിലെ മിസ്റ്റര്‍ ക്ലീന്‍ ആണ്. ഏത് കഥാപാത്രത്തേയും അനായാസം അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് അദ്ദേഹം എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.

അക്ഷയ് കുമാറിനേക്കാള്‍ മികച്ച രീതിയില്‍ മോദിയെ വെള്ളിത്തിരയിലെത്തിക്കാന്‍ മറ്റൊരു താരത്തിനും കഴിയുമെന്ന് കരുതുന്നില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ് ലാജ് നിഹ് ലാനി പ്രതികരിച്ചത്.