കര്‍ഷക ആത്മഹത്യ കൂടുതല്‍ ബിജെപി ഭരിക്കുന്നിടത്ത്; മധ്യപ്രദേശില്‍ 12 ദിവസത്തിനിടെ ജീവനൊടുക്കിയത് 15 പേര്‍

single-img
20 June 2017

ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുനേരെ ബിജെപി സര്‍ക്കാര്‍ മുഖം തിരിക്കുന്നതാണ് ആത്മഹത്യകള്‍ക്ക് കാരണം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 50 ശതമാനം ലാഭം കര്‍ഷകര്‍ക്കു നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബിജെപി കര്‍ഷകരെ തീര്‍ത്തും അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 287 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 106 കര്‍ഷകരും 181 കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളും ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ എട്ടിനുശേഷം 15 കര്‍ഷകരാണ് മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കടബാധ്യത മൂലം ബന്‍സി ലാല്‍ മീണ എന്ന കര്‍ഷകനാണ് സെഹോറിലെ ജമുനിയ ഖൂര്‍ദില്‍ തൂങ്ങി മരിച്ചത്. സ്വകാര്യ പണമിടപാടുകാരില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോളാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

ഞായറാഴ്ച്ച വിദിഷ ജില്ലയിലെ ജീവന്‍ സിങ് മിണയും തൂങ്ങിമരിച്ചിരുന്നു. കടക്കെണിയാണ് 35 കാരനായ യുവ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയില്‍ മാത്രം അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.