പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം: 11 പനി മരണം കൂടി; ആരോഗ്യവകുപ്പ് നോക്കുകുത്തി

single-img
20 June 2017

സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്ക് ശമനമില്ല. ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും പനി ബാധിച്ച് സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി ജീവന്‍ പൊലിഞ്ഞു. എച്ച്1 എന്‍1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞ പാലക്കാട് ജില്ലയില്‍ നാലും തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും മരിച്ചു. എലിപ്പനി ബാധിച്ച് തൃശൂര്‍ ജില്ലയില്‍ ഒരാളും എലിപ്പനി ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു.

പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച 22896 പേര്‍ കൂടി ചികിത്സ തേടി. 682 പേരെ വിദഗ്ധ ചകിത്സക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടാതെ എച്ച്1 എന്‍1 ബാധിച്ച് ഒമ്പതുപേര്‍ കൂടി ചികിത്സ തേടി. എറണാകുളത്ത് മൂന്നുപേര്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. എലിപ്പനി അഞ്ചുപേര്‍ക്കും കണ്ടെത്തി.

എലിപ്പനി ലക്ഷണങ്ങളുമായി 18 പേരും ചികിത്സ തേടി. കാസര്‍കോഡ് ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഡോക്ടര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും ചുമതലപ്പെടുത്തി. റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.