സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് കാനം; ‘പുതുവൈപ്പ് സമരക്കാര്‍ ഡല്‍ഹിയിലുള്ള പ്രധാനമന്ത്രിയെ എങ്ങനെ തടയും’

single-img
20 June 2017

പുതുവൈപ്പ് സമരത്തിനുനേരെ പൊലീസ് നടത്തിയ കയ്യേറ്റത്തെ ന്യായീകരിച്ച ഡിജിപി ടിപി സെന്‍കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പ് സമരക്കാര്‍ ഡല്‍ഹിയിലുള്ള പ്രധാനമന്ത്രിയെ എങ്ങനെ തടയുമെന്നാണ് സെന്‍കുമാര്‍ പറയുന്നതെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.

ടി.പി.സെന്‍കുമാറിന്റെ പ്രതികരണം അദ്ഭുതപ്പെടുത്തി. പോലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു. നരനായാട്ട് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും കാനം ആവശ്യപ്പെട്ടു. പോലീസിന് അറസ്റ്റിലായവരുടെ വിലാസവും തിരിച്ചറിയല്‍ രേഖയും പരിശോധിക്കാം.

ജനങ്ങളുടെ ആശങ്ക കേള്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാനം പറഞ്ഞു. സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് പറയുന്നത് സമരക്കാരെ അപഹസിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുവൈപ്പിനില്‍ എത്തി സമരക്കാരെ നേരില്‍ കാണുകയായിരുന്നു അദ്ദേഹം.