മത്സ്യത്തില്‍ ഫോര്‍മാലിന്‍ തളിക്കുന്ന വീഡിയോ വൈറലായി; ആരോഗ്യവകുപ്പ് മീന്‍മാര്‍ക്കറ്റ് പൂട്ടിച്ചു

single-img
20 June 2017

മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരില്‍ വിഷമയമായ രാസവസ്തുക്കള്‍ കലര്‍ത്തുന്നത് വ്യാപകമാകുന്നു. സാധാരണ ഗതിയില്‍ മത്സ്യം കേട് കൂടാതെ സൂക്ഷിക്കാന്‍ അമോണിയയാണ് ഉപയോഗിക്കുന്നത്. അമോണിയ ചേര്‍ത്താല്‍ നാലോ അഞ്ചോ ദിവസം വരെ മത്സ്യം കേട് കൂടാതെ സൂക്ഷിക്കാനാകും. എന്നാല്‍ ഇപ്പോള്‍ ഫോര്‍മാലിന്‍ തളിച്ചാണ് വില്‍പ്പന.

ട്രോളിംഗ് സമയമായതിനാല്‍ മൂന്നും നാലും ആഴ്ച വരെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോര്‍മാലിനെ മത്സ്യക്കച്ചവടക്കാരുടെ പ്രീയങ്കരനാക്കിയത്. ശവം കേട് കൂടാതെ സൂക്ഷിക്കാനാണ് ഫോര്‍മാലിന്‍ തളിക്കുന്നത്. മാത്രമല്ല മാരകമായ വിഷമാണ് ഫോര്‍മാലിന്‍. ഇത് സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെല്ലുകയാണെങ്കില്‍ കാന്‍സര്‍ ഉറപ്പാണെന്നാണ് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

നേരത്തെ പല തവണ ഇത്തരത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ച മത്സ്യങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. അന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വിഷയം ഗൗരവത്തില്‍ എടുക്കുകയും സംസ്ഥാനത്താകമാനം മത്സ്യ മാര്‍ക്കറ്റുകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ഫോര്‍മാലിന്‍ ഉപയോഗം വീണ്ടും സജീവമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കാലിയാര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍ മാര്‍ക്കറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. മീനില്‍ മരുന്നടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയത്. വണ്ണപ്പുറത്തെ മീന്‍ മാര്‍ക്കറ്റില്‍ പരസ്യമായി രാസവാതകമടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു.

മാസങ്ങളും ആഴ്ചകളും പഴക്കമുള്ള മത്സ്യം വാങ്ങി ഭക്ഷിക്കുന്നവര്‍ക്ക് വിവിധ രോഗങ്ങള്‍ പിടിപെടുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുമ്പോഴും ഇതിനു വേണ്ട മുന്‍കുകലുകളൊന്നും അധികൃതര്‍ എടുക്കുന്നില്ലെന്നതാണ് സത്യം. രസവസ്തുക്കള്‍ വിതറിയ മത്സ്യം മാര്‍ക്കറ്റുകളില്‍ സുലഭമായികൊണ്ടിരിക്കുമ്പോഴും അധികൃതര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.

പരാതികള്‍ വ്യാപകമാകുമ്പോള്‍ മാത്രം പരിശോധനക്കിറങ്ങുന്ന ആരോഗ്യ വകുപ്പും ഇതിനു നേരെ കണ്ണടക്കുന്നു. വല്ലപ്പോഴുമൊരിക്കല്‍ മാത്രം സംഭവിക്കുന്ന പരിശോധനയില്‍ മീന്‍ മാര്‍ക്കറ്റ് അടച്ച് പൂട്ടിയാല്‍ തന്നെ അത് വീണ്ടും തുറക്കാനും അനുമതി നല്‍കുന്നു. ഇതാണ് വ്യാപാരികള്‍ക്ക് തുണയാവുന്നത്.

Plz share… Near muuvatupuzha

Posted by Shaju Sreedhar on Monday, June 19, 2017