അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; 20 കോടിയോളം വ്യക്തിഗത വിവരങ്ങള്‍ നഷ്ടമായി

single-img
20 June 2017

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശേഖരിച്ച 20 കോടിയോളം അമേരിക്കന്‍ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഡീപ് റൂട്ട് അനലിറ്റിക്‌സ് എന്ന കമ്പനിയില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ അപ്ഗാര്‍ഡാണ് ഇക്കാര്യം കണ്ടെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് അവലോകനത്തിനുമായി ശേഖരിച്ച വിവരങ്ങളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. കോടിക്കണക്കിന് പേരുടെ വ്യക്തിഗത വിവരങ്ങള്‍ പബ്ലിക് ആക്‌സസുള്ള ഒരു ആമസോണ്‍ സെര്‍വറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും ഒരു പാസ്വേര്‍ഡ് സുരക്ഷയും ഇതിനില്ലെന്നും അപ്ഗാര്‍ഡ് അറിയിച്ചു. വ്യക്തികളുടെ വിലാസം, ഫോണ്‍ നമ്പറുകള്‍ എന്നിവ അടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചിരുന്നത്.

രാഷ്ട്രീയമായി ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന സര്‍വേ നടത്തുന്നതിനായിരുന്നു ഇവ ശേഖരിച്ചിരുന്നത്. അമേരിക്കന്‍ ജനസംഖ്യയുടെ 60 ശതമാനം പേരുടേയും വിവരങ്ങള്‍ ഇത്തരത്തില്‍ പബ്ലിക് സെര്‍വറിലുണ്ടെന്നാണ് അപ്ഗാര്‍ഡ് പറയുന്നത്‌. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡീപ് റൂട്ടിന് പത്ത് ലക്ഷം ഡോളര്‍ നല്‍കിയിരുന്നു.