മെട്രോയില്‍ ഉല്ലാസയാത്ര വേണ്ട; ചിലപ്പോള്‍ ഫൈനടച്ച് കീശ ചോരും

single-img
19 June 2017

കൊച്ചി മെട്രോയില്‍ ഉല്ലാസയാത്ര നടത്താമെന്ന് കരുതുന്നവര്‍ സൂക്ഷിക്കുക, എട്ടിന്റെ പണി കിട്ടും. ആദ്യദിനത്തിന്റെ ആവേശത്തില്‍ മെട്രോയില്‍ ടിക്കറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു കുടുക്കില്‍പെട്ടത് നിരവധിയാളുകളാണ്. നിലവില്‍ ടിക്കറ്റെടുത്തതിനു ശേഷം 19 മിനിറ്റില്‍ കൂടുതല്‍ സ്‌റ്റേഷനില്‍ നില്‍ക്കാനാവില്ല. അഥവാ കൂടുതല്‍ സമയം മെട്രോയില്‍ കറങ്ങിയിട്ടുണ്ടെങ്കില്‍ ഇറങ്ങിപോകുന്ന സമയത്താണ് പണി ബോണസായി കിട്ടുന്നത്.

ഏതെങ്കിലും ഒരു ടിക്കറ്റില്‍ എത്രനേരം വേണമെങ്കിലും ഓരോ ട്രെയിനിലും കയറി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ യാത്രചെയ്യാം. എന്നാലും ഇടക്കൊന്നും ആരും ചോദിക്കാനുണ്ടാകില്ല. പക്ഷേ സ്റ്റേഷനില്‍നിന്നും പുറത്തേക്കിറങ്ങുമ്പോളാണ് ട്വിസ്റ്റ്. ടിക്കറ്റ് വീണ്ടും ഒരു യന്ത്രത്തില്‍ വയ്ക്കണം. കൂടതല്‍സമയം മെട്രോയില്‍ കറങ്ങിയിട്ടുണ്ടെങ്കില്‍ പുറത്തേക്ക് ഇറങ്ങാനാവില്ല. പിന്നെ എത്രനേരം ഓടിക്കളിച്ചിട്ടുണ്ടോ അതിന്റെ എല്ലാം ഫൈനടക്കണം. എങ്കിലെ ആ യന്ത്രം നിങ്ങളെ പുറത്തേക്ക് വിടൂ.

ആദ്യദിനം തന്നെ മെട്രോയില്‍ കയറിയ സന്തോഷത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് തിമിര്‍ത്തവര്‍ നിരവധിയാണ്. അവസാനം ഫൈന്‍ അടച്ചപ്പോള്‍ ആദ്യയാത്രയുടെ പ്രസരിപ്പെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതായി. ഈ പോക്കാണേല്‍ വന്‍ ലാഭത്തിലാകും മെട്രോ ഓടുക. ഫൈന്‍ ഇനത്തില്‍ കുറെ തുക കെഎംആര്‍എല്ലിന് ഇപ്പോള്‍ തന്നെ ലഭിച്ചുകഴിഞ്ഞു. മെട്രോയിലും കയറാം കൊച്ചിയിലും കറങ്ങാമെന്ന പ്ലാനിങ്ങോടെ വരുന്ന മറ്റു ജില്ലക്കാരും ഈ കെണിയില്‍ ചാടാന്‍ ഇടയുണ്ട്.