താന്‍ കൂട്ടിലല്ല; വിജിലന്‍സില്‍ നിന്ന് മാറ്റിയതിനുള്ള കാരണം പിന്നീട് പറയാമെന്ന് ജേക്കബ് തോമസ്

single-img
19 June 2017

തിരുവനന്തപുരം: തന്നെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന്റെ കാര്യവും കാരണവും പിന്നീട് വ്യക്തമാക്കുമെന്ന് ജേക്കബ് തോമസ്. അത് താനാണോ സര്‍ക്കാറാണോ ആദ്യം പറയുകയെന്ന് നോക്കാമെന്നും എന്തായാലും താന്‍ കൂട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.ജി ഡയറക്ടര്‍ ആയി ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഐ.എം.ജി ഡയറക്ടര്‍ പദവി കേഡര്‍ തസ്തികയാക്കിയാണ് ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ടി.പി സെന്‍കുമാറിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കേ അടുത്ത ഡി.ജി.പി സ്ഥാനത്തിനുള്ള അര്‍ഹതയെ കുറിച്ച് ആരാഞ്ഞപ്പോള്‍ നാളത്തെ അവസ്ഥ നിശ്ചയമില്ല. പിന്നയല്ലേ മറ്റന്നാളത്തെ കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഐ.എം.ജി പ്രഗത്ഭര്‍ ഇരുന്നുപോയ സ്ഥാപനമാണ്. വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. ഏതു പദവിയായാലും ജനഹിതം മന്‍മനം എന്നായിരുന്നു പദവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി. സ്ഥാനങ്ങള്‍ ഒന്നും തന്റെ തീരുമാനമല്ല. ഇപ്പോഴത്തെ നിയമനം ജനഹിതമാണെന്ന് വിശ്വസിക്കുന്നു. സാധാരണ ജനപക്ഷം എന്തുപറയുന്നു എന്നതാണ് താന്‍ നോക്കുന്നത്.

വിജിലന്‍സ് ഡയറക്ടറുടെ ഓഫീസും ഐ.എം.ജി ഡയറക്ടറുടെ ഓഫീസും ഒരു റോഡിന്റെ അപ്പുറമിപ്പുറമാണ്. ക്രമസമാധാനത്തില്‍ ഒരു മാനേജ്‌മെന്റ് ഉണ്ടെങ്കില്‍ അതിന്റെ ആസ്ഥാനം ഐ.എം.ജി ആയിരിക്കും. ഐ.എം.ജി പോസ്റ്റ് അപ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അതില്‍ കൂടുതലും കാര്യവും കാരണങ്ങളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിലൂടെ ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധവിയായി തിരികെ എത്തിയപ്പോഴാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. രണ്ട് മാസത്തെ അവധി അവസാനിച്ചതിനെത്തിയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.