ഖത്തര്‍ പ്രതിസന്ധി കുടുംബ ബന്ധങ്ങള്‍ വരെ തകര്‍ക്കുന്നു: നിറകണ്ണുകളോടെ ഇവര്‍ ചോദിക്കുന്നു; ‘ഞങ്ങള്‍ എന്തിനു വേര്‍പിരിയണം?

single-img
13 June 2017

ദോഹ: ഗള്‍ഫിലെ അനേകം കുടുംബങ്ങളെ പോലെ ജിസിസിയിലെ വിവിധ രാജ്യങ്ങളിലെ പൗരത്വവുമായി സന്തോഷപൂര്‍വ്വം ഒരുമിച്ച് ജീവിക്കുന്നവരാണ് ഖത്തറില്‍ സ്ഥിരതാമസമാക്കിയ വാഫാ അല്‍ വസീദിയുടെ കുടുംബവും. വസീദിക്കും ഭര്‍ത്താവിനും ഖത്തര്‍ പൗരത്വവും മക്കള്‍ക്ക് ബഹ്‌റിന്‍ പൗരത്വവുമായിരുന്നു ഉണ്ടായിരുന്നത്. ഇതവരുടെ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. എന്നാല്‍ ഖത്തറില്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ വസീദിയോടും ഭര്‍ത്താവിനോടും രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്ത് തിരിച്ചെത്താനാണ് ബഹ്‌റിന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മക്കളെ പിരിഞ്ഞ് അവരില്ലാതെ ബഹറിനിലേക്ക് മടങ്ങി വന്നിട്ട് എന്തു കാര്യമെന്നാണ് വാഫാ അല്‍ വസീദിയുടെ ചോദ്യം. ബഹ്‌റിനെക്കാള്‍ താന്‍ ഖത്തറിലെ വീടിനെ മതിക്കുന്നെന്നും ബഹ്‌റിനില്‍ വെറും നാലു തവണ മാത്രമേ വന്നിട്ടുള്ളെന്നും ഇവര്‍ പറയുന്നു. ബഹ്‌റിന്‍ പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടാലും ഖത്തറില്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതാണ് സന്തോഷമെന്നും വസീദി പറയുന്നു. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും രക്തബന്ധമുള്ളവരുണ്ട്. ആരേയും എവിടെയും വിവാഹം കഴിക്കാന്‍ കഴിയുന്ന എവിടെയും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമായിട്ടായിരുന്നു ഗള്‍ഫിനെ ഇതുവരെ കണ്ടിരുന്നതെന്നും വസീദി പറയുന്നു.

വസീദിയെ പോലെ 6,474 കുടുംബങ്ങളാണ് ഖത്തറില്‍ ഇതേ വിധി നേരിടുന്നത്. ഖത്തറിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8,254 സൗദിക്കാരും 784 യുഎഇക്കാരും 2,349 ബഹ്‌റിന്‍കാരും ഖത്തറിലുണ്ട്. ജിസിസി-ഖത്തര്‍ തര്‍ക്കം സഞ്ചാരസ്വാതന്ത്ര്യം, താമസം, വീട് ഉടമസ്ഥത എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങളിലായി 11,387 പേരെ ബാധിക്കും.

സമാന പ്രതിസന്ധിയാണ് വര്‍ഷങ്ങളായി സൗദിയില്‍ താമസിക്കുന്ന ഖത്തറുകാരി നൗഫ് എന്ന വിധവയും നേരിടുന്നത്. സൗദിക്കാരന്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. മക്കള്‍ ജനിച്ചതും സൗദിയില്‍. സൗദി അധികൃതര്‍ ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടികള്‍ ഖത്തര്‍ പൗരന്മാര്‍ അല്ലാത്തതിനാല്‍ നൗഫിന് തനിച്ച് രാജ്യം വിടാന്‍ നിര്‍ബ്ബന്ധിതമാകുകയാണ്. വികലാംഗനായ ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരെ സൗദിയില്‍ ഉപേക്ഷിക്കേണ്ടി വരും.

സൗദിയിലെയും യുഎഇയിലെയുമായി 1,954 പേരാണ് ഖത്തറിലെ വ്യവസായ മേഖലയില്‍ പണിയെടുക്കുന്നത് ഇവരുടെ വാണിജ്യ വ്യാവസായിക മേഖലകളെല്ലാം താറുമാറാകും. ജോലിയും പോകും. ഖത്തറില്‍ ജോലി ചെയ്യുന്ന സൗദിക്കാരന്‍ മൊഹമ്മദ് നേരിടുന്നത് ഭാര്യയെ ഉപേക്ഷിച്ച് മക്കളുമായി സൗദിക്കു മടങ്ങണമെന്ന പ്രതിസന്ധിയാണ്. സൗദിയില്‍ നിന്നും ഖത്തറില്‍ ജോലിക്കെത്തിയ ഇയാള്‍ അവിടെ നിന്നുമായിരുന്നു വിവാഹം കഴിച്ചത്. ഇയാളോട് രാജ്യം വിട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഖത്തര്‍ അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

അതുപോലെ എമിറാത്തി പൗരനെ വിവാഹം ചെയ്ത ഖത്തറി യുവതിക്ക് യു.എ.ഇ പൗരത്വമുള്ള മകനെ ഖത്തറിലേക്ക് കൊണ്ടുവരാനാകില്ല. ഖത്തറി പൗരന്മാര്‍ക്ക് യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ കുടുംബങ്ങളുടെ ഒത്തുചേരലും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഖത്തറുമായുള്ള നയതന്ത്രവ്യാപാര ബന്ധങ്ങള്‍ അയല്‍ രാജ്യങ്ങള്‍ വിച്ഛേദിച്ചതോടെ ഖത്തര്‍ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജിസിസിയിലെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇത്തരം കുടുംബങ്ങളെയാണ്. കര, വ്യോമ, ജല മാര്‍ഗ്ഗങ്ങളെല്ലാം അടച്ച് സൗദിയും ബഹ്‌റിനും യുഎഇയും ഖത്തറിന് കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാവുന്നതും ഈ കുടുംബങ്ങളാണ്. യാത്രാവിലക്ക് കൂടി ഏര്‍പ്പെടുത്തിയതിനാല്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഒന്നു കാണാന്‍ പോലുമുള്ള സ്വാതന്ത്ര്യമാണ് ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നത്.

ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും കുട്ടികളും തുടങ്ങി ഒരു കുടുംബത്തിലെ പലര്‍ക്കും ജിസിസിയിലെ പല രാജ്യങ്ങളിലായി പൗരത്വമുള്ളവരുണ്ട്. എന്നാല്‍ ഖത്തറില്‍ ഉപരോധം വന്നതോടെ രക്ത ബന്ധങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യത്ത് മടങ്ങിപ്പോവേണ്ടുന്ന വളരെ വേദനാജനകമായ അവസ്ഥയാണ് വരും ദിവസങ്ങളില്‍ ഇവര്‍ നേരിടാന്‍ പോകുന്നത്. ജിസിസി നിയമത്തിന് കീഴില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നും തൊഴിലിനും മറ്റുമായി എത്തി സകുടുംബം താമസിക്കുന്ന അനേകര്‍ ഉറ്റവരെയും ഉടയവരെയും ഇട്ടെറിഞ്ഞ് സ്വരാജ്യത്തേക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥ വിദൂരമല്ല.

പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അത് കുടുംബ ബന്ധങ്ങളെ പോലും ബാധിക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനകളുടെ നിര്‍ദേശം പോലും അവഗണിക്കപ്പെടുകയാണ്. സൗദി അറേബ്യയും യുഎഇയും ബഹ്‌റിനും തങ്ങളുടെ രാജ്യത്തെ ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ 14 ദിവസം നല്‍കിയിരിക്കുകയാണ്. ഇതിനൊപ്പം ഖത്തറും തങ്ങളുടെ രാജ്യത്തെ സൗദി, യുഎഇ, ബഹ്‌റിന്‍ നാട്ടുകാരോട് രാജ്യം വിടാന്‍ സമയം അനുവദിച്ചിരിക്കുകയാണ്. പുതിയ സാഹചര്യം പല രാജ്യങ്ങളിലായി പൗരത്വമുള്ള കുടുംബങ്ങളെ വേര്‍പെടുത്തുമെന്നാണ് ആശങ്ക.

വെവ്വേറെ ഗള്‍ഫ് രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ തമ്മില്‍ വിവാഹിതരാകുകയും ഖത്തറില്‍ കുട്ടികള്‍ ജനിക്കുകയും ചെയ്ത അനേകം കുടുംബങ്ങളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. കുട്ടികള്‍ ഖത്തറില്‍ ജനിച്ചതിനാല്‍ അവര്‍ അവിടെ കഴിയുമ്പോള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇവരെ വിട്ട് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പൗരത്വം നഷ്ടമാകുമെന്നാണ് ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരെ ബഹ്‌റിന്‍ അറിയിച്ചിരിക്കുന്നത്.

ജിസിസി നിയമപ്രകാരം പാസ്‌പോര്‍ട്ട് പ്രശ്‌നമില്ലാതെ ഗള്‍ഫ് രാജ്യങ്ങളിലെ ആര്‍ക്കും എവിടെ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അവകാശമുണ്ട്. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നും നേരിടുന്ന ഉപരോധം കടുത്ത രീതിയിലേക്ക് മാറുന്നതോടെ പ്രതിസന്ധി അഴിക്കാന്‍ ഖത്തര്‍ യൂറോപ്പിന്റെ സഹായം തേടാന്‍ ഉദ്ദേശിക്കുന്നുണ്ട്. ജിസിസി രാജങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കാന്‍ കുവൈറ്റിന്റെ മാദ്ധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ബിന്‍ അല്‍ത്താനി യൂറോപ്പിലേക്ക് വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്.