മധ്യപ്രദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു; രാഹുല്‍ ഗാന്ധി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും

single-img
7 June 2017

മധ്യപ്രദേശില്‍ കര്‍ഷക സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മാന്ത്‌സൗറില്‍ നിന്നും അയല്‍ജില്ലകളിലേക്കും വ്യാപിക്കുന്നു. വെടിവെപ്പില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമാകാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. മിക്ക തെരുവുകളിലും പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. മാന്ത്‌സൗര്‍ ജില്ലയടക്കം 15 ജില്ലകള്‍ ഉള്‍പ്പെടുന്ന മാള്‍വ നിമാദ് മേഖലയിലെ സ്ഥിതി ഗുരുതരമാണ്.

സംസ്ഥാനത്ത് പലയിടത്തും കര്‍ഷകര്‍ കടകള്‍ അടപ്പിച്ചു. ബദ്‌നാവറില്‍ ക്ഷീരകര്‍ഷകര്‍ 12,000 ലിറ്റര്‍ പാല്‍ നിരത്തിലൊഴുക്കി പ്രതിഷേധിച്ചു. വ്യാപക സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാലിനും പച്ചക്കറികള്‍ക്കും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. 14 വര്‍ഷമായി ബിജെപി ഭരണം തുടരുന്ന മധ്യപ്രദേശില്‍ കര്‍ഷകരുടെ ഇത്രയും വലിയ പ്രക്ഷോഭം ആദ്യമാണ്.

വായ്പാ ഇളവും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും ആവശ്യപ്പെട്ട് ഏതാനും ദിവസമായി നടത്തുന്ന ശക്തമായ സമരത്തിനിടെ കര്‍ഷകര്‍ പച്ചക്കറികളും മറ്റും നിരത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസ് വെടിയുതിര്‍ത്തത്. രോഷാകുലരായ കര്‍ഷകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രദേശം സന്ദര്‍ശിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. പ്രതിപക്ഷമായ കോണ്‍ഗ്രസും പ്രതിഷേധ പരിപാടികളില്‍ മുന്‍നിരയിലുണ്ട്. നീമച്ച്മഹൂ ഹൈവേ കര്‍ഷകര്‍ തടഞ്ഞിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.

വെടിവെപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കും. ഇതിനിടെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനം മാറിയില്ലെങ്കില്‍ സര്‍ക്കാരിനെത്തന്നെ മാറ്റുമെന്ന പ്രഖ്യാപനവുമായി പതിദാര്‍ സമുദായത്തിന്റെ നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി.