കശാപ്പ് നിയന്ത്രണം: കേന്ദ്രത്തിന്റെ അധികാര കയ്യേറ്റമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കന്നുകാലികളുടെ കശാപ്പും വിൽപ്പനയും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നിരോധനം ഏർപെടുത്തിയ കേന്ദ്രവിജ്ഞാപനം ചോദ്യം ചെയ്യുന്ന ഹർജികളെ അനുകൂലിച്ച സർക്കാർ അഭിഭാഷകൻ, പ്രസ്തുത വിജ്ഞാപനം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ചു.
ഈ വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ കേന്ദ്രസർക്കാരിന് അധികാരമുള്ള മേഖലയാണിതെന്നു കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. കേന്ദ്രത്തിന്റെ വിശദമായ നിലപാട് അറിയാൻ കേസ് നാളത്തേക്കു മാറ്റി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. ഹൈബി ഈഡൻ എംഎൽഎ, ഇറച്ചി വ്യാപാരിയായ കെ.യു. കുഞ്ഞുമുഹമ്മദ് തുടങ്ങിയവരും സമാന ഹർജി നൽകിയിട്ടുണ്ട്.
ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ പെട്ട വിഷയമാണിതെന്നും ബിഹാർ, യുപി ഉൾപ്പെടെ സംസ്ഥാനങ്ങൾ ഏർപെടുത്തിയ നിരോധനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവച്ചതാണെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണിതെന്നു സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11 (3) വകുപ്പനുസരിച്ച് ഭക്ഷ്യാവശ്യത്തിന് അതിനു യോഗ്യമായ മൃഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ ഭേദഗതി വരുത്താതെ പുതിയ ചട്ടഭേദഗതി കൊണ്ടുവന്നതു ശരിയല്ലെന്നും സംസ്ഥാനം വാദിച്ചു.