ബാബരി മസ്ജിദ് കേസ്: അദ്വാനിയും ഉമയും ജോഷിയും ഇന്നു കോടതിയിൽ ഹാജരാകും

single-img
30 May 2017

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി,മുരളി മനോഹര്‍ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി ഉള്‍പ്പെടെ 11 പ്രതികള്‍ ഇന്ന് ലഖ്നൗ സിബിഐ കോടതി മുൻപാകെ ഹാജരാകും.

ഇവരെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. പ്രതിപ്പട്ടികയിലുള്ള വിനയ് കട്യാർ, സാധ്വി ഋതംഭര, വിഎച്ച്പിയുടെ വിഷ്ണു ഹരി ഡാൽമിയ എന്നിവരും നേരിട്ടു കോടതിയിൽ ഹാജരാകണമെന്ന് സിബിഐ പ്രത്യേക ജഡ്ജി എസ്.കെ.യാദവ് നിർദ്ദേശിച്ചിരുന്നു.

കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നു ഒഴിവാക്കണമെന്ന അദ്വാനിയുടെയും കേന്ദ്രമന്ത്രി ഉമാഭാരതിയുടെയും ആവശ്യം കോടതി തള്ളിയിരുന്നു.

ഇതു സംബന്ധിച്ച കോടതി നടപടികൾ മാറ്റിവയ്ക്കുന്നതിനോ നേരിട്ടു ഹാജരാകുന്നതിൽ ഇളവിനോ അപേക്ഷിച്ചാൽ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരടക്കം  15 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ കഴിഞ്ഞ മാസം 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.