വീരു ഇന്ത്യന്‍ ടീമിന്റ പരിശീലകന്‍ ആയേക്കും, ബിസിസിഐയുടെ കണ്ണിലെ കരടായി കുംബ്‌ളെ

single-img
28 May 2017

മുംബൈ: ക്രിക്കറ്റ് ബോര്‍ഡുമായി ഇടഞ്ഞ അനില്‍ കുംബ്ലെക്ക് തിരിച്ചടി. പകരം സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ബി.സി.സി.ഐ ജനറല്‍ മാനേജര്‍മാരില്‍ ഒരാളാണ് സെവാഗിനോട് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്നോട് ഈ വിഷയത്തില്‍ ആരും ബന്ധപ്പെട്ടില്ലെന്ന് സെവാഗ് പ്രതികരിച്ചു.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് കാലവധി പൂര്‍ത്തിയാകുന്ന അനില്‍ കുംബ്ലെയുടെ പകരക്കാരനെ തേടുന്ന ബി.സി.സി.ഐ. അപേക്ഷകള്‍ ഉടന്‍ തന്നെ സ്വീകരിച്ച് തുടങ്ങും. പുതിയ ആളുകളെ പരിഗണിക്കാതെ കുംബ്ലെക്ക് കാലാവധി നീട്ടി നല്‍കുന്നതില്‍ ബി.സി.സി.ഐ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സെവാഗിനെ പോലുള്ളവരെ രംഗത്തിറക്കുന്നത്. പരിശീലക സ്ഥാനത്ത് തുടരുന്നതിന്റെ ഭാഗമായി കുംബ്ലെ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ബി.സി.സി.ഐക്ക് സ്വീകാര്യമായില്ല. പല ഇന്ത്യന്‍ കളിക്കാര്‍ക്കും കാലാവധി നീട്ടി നല്‍കാനും പരിശീലകന്റെ ശമ്പളത്തില്‍ വര്‍ധന വരുത്താനും കുംബ്ലെ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇതെല്ലാം ബോര്‍ഡിനെ ചൊടിപ്പിച്ചു. ഐ.സി.സിയുമായുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ പോരാട്ടത്തില്‍ കുംബ്ലെ ഇടപെട്ടതും ബോര്‍ഡിന് ദഹിച്ചില്ല. സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.