വിശപ്പുരഹിത കേരളം:അമ്മ ക്യാന്റീന്‍ മാതൃകയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണമൊരുക്കാന്‍ കേരളവും ഒരുങ്ങുന്നു

single-img
12 May 2017

അമ്മ ക്യാന്റീന്‍ മാതൃകയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണമൊരുക്കാന്‍ കേരളവും ഒരുങ്ങുന്നു.കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനായി ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. തമിഴ്നാട്ടിലെ അമ്മ ഹോട്ടല്‍ മാതൃകയിലാകും ഹോട്ടലുകളൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിശപ്പുരഹിത കേരളം’ എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി ആദ്യഘട്ടത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ പുരോഗതി പരിശോധിക്കും. പദ്ധതി വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

സ്വയം പാചകംചെയ്യാന്‍ ആരോഗ്യമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധജനങ്ങളെക്കൂടി വിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കും. ഇതിനു പകരം കുറഞ്ഞനിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം ഈ സ്ഥാപനങ്ങള്‍ നല്‍കണം. ക്ഷണത്തിന് നിവൃത്തിയില്ലാത്തവര്‍ക്ക് കൂപ്പണ്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തുന്നത്.

തമിഴ്നാട്ടിലെ അമ്മ ഹോട്ടലുകള്‍ രാജ്യത്തെ തന്നെ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് വിലയിരുത്തപ്പെടുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്. ഇഡലിക്ക് ഒരു രൂപയും സാമ്പാര്‍ റൈസിന് അഞ്ച് രൂപയും തൈര് റൈസിന് മൂന്ന് രൂപയുമാണ് നിലവില്‍
ഈടാക്കുന്നത്. ഈ മാതൃകയില്‍ പദ്ധതിയാരംഭിക്കാന്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലും തീരുമാനിച്ചിരുന്നു. വിലകുറച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തുമെന്ന് പ്രകടന പത്രികയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചിരുന്നു….