നാഷണല്‍ ഹെറാള്‍ഡ് കേസ്:സോണിയയും രാഹുലും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി

single-img
12 May 2017

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിനും അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്.

സോണിയയും രാഹുലുമടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ആറ് പേരാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്വാതന്ത്രലബ്ധിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്ത്, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യമായി കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി യംഗ് ഇന്ത്യന്‍സ് എന്ന നിഴല്‍ കമ്പനിയുണ്ടാക്കി 300 മില്യണ്‍ ഡോളര്‍ വരുന്ന അസോസിയേറ്റഡ് ജേര്‍ണലിന്റെ സ്വത്ത് നേടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.