ശബരിമല തിരുവാഭരണപാത ഹരിതാഭമാക്കാന്‍ 11,111 വൃക്ഷത്തൈകള്‍ നടും

single-img
7 May 2017

പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണപാതയെ ഹരിതാഭമാക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 11,111 വൃക്ഷത്തൈകള്‍ നടും. ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഇതിനായി പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തില്‍ സന്നിഹിതനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സാമൂഹ്യവനവത്കരണ വിഭാഗത്തില്‍ നിന്ന് പ്ലാവ്, മാവ്, പേര, കൂവളം, കണിക്കൊന്ന, ആര്യവേപ്പ് ഉള്‍പ്പടെയുള്ള മരങ്ങളുടെ തൈകളാണ് പദ്ധതിക്കായി ഉപയോഗിക്കുക. ഒരു വൃക്ഷത്തൈ 50 പൈസ നിരക്കില്‍ ലഭിക്കും. തിരുവാഭരണ പാതയില്‍ പന്തളം മുതല്‍ ളാഹ വരെയുള്ള പ്രദേശത്താണ് വൃക്ഷത്തൈകള്‍ നടുന്നത്. ഓരോ സ്ഥലത്തെയും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക.

കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, നെഹ്രു യുവകേന്ദ്രം, സാക്ഷരത പ്രേരക്മാര്‍, ജില്ലാ യുവജനക്ഷേമ കേന്ദ്രം കോഓര്‍ഡിനേറ്റര്‍മാര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും. വൃക്ഷത്തൈകള്‍ നടുന്നതിനും പിന്നീട് പരിപാലിക്കുന്നതിനും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. ഓരോ വൃക്ഷത്തിനും അവ സംരക്ഷിക്കുന്ന വനിതയുടെ പേര് നല്‍കും. മരം സംരക്ഷിക്കുന്നവരെ ആദരിക്കുന്നതിനും പദ്ധതിയുണ്ട്.

തിരുവാഭരണ പാതയില്‍ തണല്‍ വൃക്ഷങ്ങള്‍ നടുന്നതിനൊപ്പം ഇവിടങ്ങളിലുള്ള ക്ഷേത്രങ്ങളിലും ഔഷധ സസ്യങ്ങളും പഴവര്‍ഗ വൃക്ഷങ്ങളും നടുന്നത് പരിഗണിക്കണം. വിശുദ്ധപാതയെന്ന പ്രതീതി സൃഷ്ടിക്കുന്ന മരങ്ങള്‍ നടുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.