വിവാഹവേദിയിലേക്ക് അലങ്കരിച്ച വാഹനത്തിന്‍ സഞ്ചരിച്ചതിന് ദലിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

single-img
7 May 2017

മധ്യപ്രദേശ്: വിവാഹവേദിയിലേക്ക് അലങ്കരിച്ച വാഹനത്തിന്‍ സഞ്ചരിച്ചതിന് ദലിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പ്പൂര്‍ ജില്ലയിലെ ദേരിയിലാണ് സംഭവം. വിവാഹവേദിയിലേക്ക് സഞ്ചരിക്കുകയായിരുന്ന പ്രകാശ് ബന്‍സാലിക്കാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ദലിത് യുവാവ് അലങ്കരിച്ച കാറില്‍ യാത്ര ചെയ്യുന്നതിനെ ചോദ്യം ചെയ്ത് നാല് പേരുടെ സംഘമാണ് ബന്‍സാലിനെ ആക്രമിച്ചത്.

കാറില്‍ നിന്നും പിടിച്ചിറക്കിയാണ് സംഘം യുവാവിനെ ആക്രമിച്ചത്. വിവാഹ സംഘത്തിലുണ്ടായ മറ്റ് ആറ് പേരെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. യുവാവിനും ബന്ധുക്കള്‍ക്കും പുറമേ ഫോട്ടേഗ്രാഫറെയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

സംഭവത്തില്‍ സവര്‍ണ ജാതിക്കാരായ പിന്റു വിശ്വകര്‍മ, അരവിന്ദ് സിങ്, പ്രിത്വി സിങ്, ആകാന്ത് സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് തന്നെ പ്രത്വിയെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. വിവാഹ ദിനത്തില്‍ ദലിത് യുവാക്കള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനെയും അലങ്കരിച്ച വാഹനമുപയോഗിക്കുന്നതിനെയും സവര്‍ണ സമുദായംഗങ്ങള്‍ തടയുന്ന നിരവധി സംഭവങ്ങളാണ് മധ്യപ്രദേശില്‍ റിപ്പേര്‍ട്ട് ചെയ്യുന്നത്.