കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ജവാന്‍ പികെ മിശ്ര സിആര്‍പിഎഫ് എഡിജി മുമ്പാകെ കീഴടങ്ങി

single-img
7 May 2017

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ജവാന്‍ പികെ മിശ്ര സിആര്‍പിഎഫ് എഡിജി മുമ്പാകെ കീഴടങ്ങി. ജവാന്റെ കീഴടങ്ങല്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിആര്‍പിഎഫ് മേധാവിക്ക് വെള്ളിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഛത്തീസ്ഗഢിലെ സുഖ്മയയില്‍ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലിനെ തുടർന്ന് 26 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മിശ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അല്‍പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കരുത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പോകേണ്ടതെന്നും ജവാന്‍ രാജ്നാഥ് സിങ്ങിനോട് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മിശ്രയുടെ പ്രതികരണം.

അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ സഹ-ജവാന്‍മാരോടും പങ്കജ് മിശ്ര വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ‘നമ്മള്‍ക്കൊന്നും പേടിക്കാനില്ല. മരണത്തെ നിങ്ങള്‍ ഭയക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഒരുദിനം നിങ്ങളെല്ലാവരും ഏതെങ്കിലും വിധേന മരിക്കും’- എന്ന് പറഞ്ഞാണ് മിശ്രയുടെ വാക്കുകള്‍ അവസാനിക്കുന്നത്.

സൈന്യത്തില്‍ തങ്ങള്‍ നേരിടുന്ന ദുരിതത്തില്‍ രോഷമറിയിച്ച് മുമ്പും ജവാന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന് പരിഭവിച്ച് തേജ് ബഹദൂര്‍ യാദവ് എന്ന ബിഎസ്ഫ് ജവാന്‍ ഫെയ്‌സ്ബുക്കിലിട്ട വീഡിയോ പോസ്റ്റ് വൈറലായിരുന്നു. ബിഎസ്എഫിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.