ആധാര്‍ തിരിച്ചറിയല്‍ രേഖ സുരക്ഷിതം; ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താന്‍ കഴിയുമെന്ന് അജയ് ഭൂഷന്‍ പാണ്ഡെ

single-img
7 May 2017

ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖ സുരക്ഷിതമാണെന്നും ഇത് ഉപയോഗിച്ച് ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താന്‍ കഴിയുമെന്നും യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ. ആധാര്‍ വിവരങ്ങള്‍ ചോരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് സിഇഒയുടെ പ്രസ്താവന. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകളുടെ വ്യാജപ്പകര്‍പ്പുകള്‍ ഉണ്ടാക്കുന്നതിലും പ്രായസകരമാണ് ക്രിമിനലുകള്‍ക്ക് ആധാര്‍ വ്യാജമായി നിര്‍മിക്കുവാന്‍. ബയോമെട്രിക് വിവരങ്ങള്‍ കൂടുതല്‍ വിശ്വാസയോഗ്യമാണെന്നും ഭൂഷന്‍ പാണ്ഡെ പറഞ്ഞു.

ഒരിക്കല്‍ വ്യാജ ആധാര്‍ ഒരാള്‍ ഉണ്ടാക്കിയാല്‍ ആയാള്‍ ജീവിതകാലം മുഴുവന്‍ അതില്‍ കുടുങ്ങിക്കിടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നൊരാള്‍ ക്രിമിനല്‍ കുറ്റകൃത്യത്തിലും ഭീകരപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടാല്‍ ഇയാളെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വളരെ എളുപ്പം സാധിക്കും. ആധാര്‍ വ്യക്തികളുടെ സ്വകാര്യത നശിപ്പിക്കുമെന്ന വാദം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഭൂഷന്‍ പാണ്ഡെ പറഞ്ഞു.