‘ബോംബിനെ അമ്മയെന്ന് വിളിക്കുന്നു, എന്താണിവിടെ സംഭവിക്കുന്നത്?’ :ബോംബുകളുടെ ‘അമ്മ’ പ്രയോഗത്തില്‍ ക്ഷുഭിതനായി മാര്‍പാപ്പ

single-img
7 May 2017

വത്തിക്കാന്‍: അമേരിക്കന്‍ സൈന്യത്തിന്റെ ‘ബോംബുകളുടെ അമ്മ’ എന്ന വാക്പ്രയോഗത്തില്‍ ക്ഷുഭിതനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പേരുകേട്ടപ്പോള്‍ ഞാന്‍ ലജ്ജിച്ചുപോയെന്ന് മാര്‍പ്പാപ്പ പറഞ്ഞു. അമ്മ ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇത് മരണമാണ് നല്‍കുന്നത് . എന്നിട്ട് നമ്മള്‍ ബോംബിനെ അമ്മയെന്ന് വിളിക്കുന്നു. എന്താണിവിടെ സംഭവിക്കുന്നതെന്നും മാര്‍പ്പാപ്പ ചോദിച്ചു. വത്തിക്കാനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ പ്രതികരണം.

അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആണവേതര ബോംബായ ജിബിയു-43 ആണ് അമേരിക്ക അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത്. ലോകത്ത് ഇതുവരെ പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതരബോംബാണിത്. 9800 കിലോഗ്രാമാണ് ബോംബിന്റെ ഭാരം. അഫ്ഗാനിലെ നാന്‍ഗര്‍ഹര്‍ പ്രദേശത്ത് ഐഎസ് തുരങ്കത്തിലായിരുന്നു ബോംബിട്ടത്. യുസ് ബോംബര്‍ വിമാനമാണ് ആക്രമം നടത്തിയതെന്ന് പെന്റഗണ്‍ പ്രസ്താവിച്ചിരുന്നു.