നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണന; സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുമെന്നും സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ടിപി സെന്‍കുമാര്‍

single-img
6 May 2017

തിരുവനനന്തപുരം : നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണനയെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ടിപി സെന്‍കുമാര്‍. സ്ത്രീ സുരക്ഷ, പൊതുസുരക്ഷ എന്നീകാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.അധികാരമേറ്റതിനുശേഷം പൊലീസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന നിയമപ്രശ്നങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. ഈ നാടിനും സര്‍ക്കാരിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ് തന്റെ മുന്‍ഗണന. സ്ത്രീ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമായിരിക്കും പൊലീസ് പ്രാധാന്യം നല്‍കുന്നത്. വാഹനാപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിനുളള നീക്കങ്ങള്‍ നടത്തും.

ടെക്നോളജി കുറേയെറെ വികസിച്ചത് കൊണ്ടുതന്നെ സേനയും പരമാവധി അതുപയോഗിക്കണം. കഴിയുന്നിടത്തോളം സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും പൊലീസ് അത് കൂടുതല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവി സര്‍ക്കാരിന് കീഴിലുളള ഉദ്യോഗസ്ഥന്‍ മാത്രമാണ്. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ കാണും. അദ്ദേഹവുമായി സംസാരിച്ചിട്ടാണ് ചുമതലയേറ്റത്.

സര്‍ക്കാരും താനും നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രശ്നവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പൊലീസിനല്ല ഉപദേഷ്ടാവെന്നും മുഖ്യമന്ത്രിക്കാണ് ഉപദേഷ്ടാവെന്നും അദ്ദേഹം പറഞ്ഞു. സേനയില്‍ മോസ്റ്റ് സീനിയര്‍ ഐപിഎസ് ഓഫിസര്‍ താനാണ്. അതിനാല്‍ എല്ലാവരെയും നന്നായി അറിയാം. അവരൊക്കെ എങ്ങനെ പെരുമാറുമെന്നും അറിയാം. മുഖ്യമന്ത്രി നാലു റേഞ്ച് യോഗങ്ങള്‍ വിളിച്ചെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസ് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

11 മാസം നീണ്ട നിയമപപോരാട്ടത്തിന് ശേഷം സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംസ്ഥാനത്തെ പൊലീസ് മേധാവിയായി സെന്‍കുമാര്‍ അധികാരമേറ്റത്.