സ്കൂളിനു സമീപം ഗ്യാസ് ചോർച്ച; 300 വിദ്യാർഥികളെയും 9 അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
6 May 2017

ന്യൂഡൽഹി: ദക്ഷിണഡൽഹിയിലെ തുക്ലക്കാബാദിൽ സ്കൂളിനു സമീപം ഗ്യാസ് ചോർന്നതിനെ തുടർന്നു 300 വിദ്യാർഥികളെയും ഒൻപത് അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിനു സമീപമുണ്ടായിരുന്ന കെമിക്കൽ കണ്ടെയ്നറിൽനിന്നാണു ഗ്യാസ് ചോർന്നതെന്നു അധികൃതർ അറിയിച്ചു. റാണി ഝാൻസി സർവോദയ കന്യാ വിദ്യാലയ സ്കൂളിനു സമീപം ഇന്ന് രാവിലെയാണ് ഗ്യാസ് ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്നു സ്കൂളിലെ മുഴുവൻ വിദ്യാർഥികളെ മാറ്റിപാർപ്പിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയായും ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. പേടിക്കാനുള്ള കാരണങ്ങൾ ഇല്ലെന്നു ഡോക്ടർമാർ അറിയിച്ചതായും ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിടുണ്ടെന്നും കേജരിവാൾ പറഞ്ഞു. കുട്ടികൾ പൂർണ ആരോഗ്യവാൻമാർ ആയതിനുശേഷമേ മാതാപിതാകൾക്കൊപ്പം അയക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ആശുപത്രികളിലായാണ് കുട്ടികളെ ചികിത്സിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകാൻ തലസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ നിർദേശം നൽകി.

നാഷണൽ ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കീടനാശിനികൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ചോർന്നത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിദ്യാർഥികൾ പരാതി നൽകിയെന്നും പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. റെയിൽവേ കോളനിയുടെ സമീപമാണ് സ്കൂൾ. ഗ്യാസ് ചോർന്നതിനെ തുടർന്നു രാവിലെ 7.32 അഗ്നിശമന സേന പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.