സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍ നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

single-img
3 May 2017

തിരുവനന്തപുരം: ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍ നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിധി നടപ്പാക്കാന്‍ വൈകുന്നത് നിയമസഭാ നടപടികളെ പോലും തടസ്സപ്പെടുത്തും വിധം പ്രതിപക്ഷ ബഹളത്തിനു വഴിവയ്ക്കുകയും സെന്‍കുമാര്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചീഫ് സെക്രട്ടറി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഈ നിലപാടിനു വിരുദ്ധമായാണ് പുതിയ ഹര്‍ജി.

ഉത്തരവ് നടപ്പാക്കാന്‍ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിയില്‍ സെന്‍കുമാര്‍ വാദിക്കുന്നത്. ഇക്കാരണത്താല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം. ഇതിനു പിന്നാലെയാണ് വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ സെന്‍കുമാറിനെ അടക്കം മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ സുപ്രധാന നിയമനങ്ങളിലെല്ലാം കോടതി വിധി ബാധകമാകുമോ എന്ന കാര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത തേടിയത്. വിധി നടപ്പാക്കുന്നത് മറ്റു ഡിജിപിമാരുടെ സ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത തേടിയിട്ടുണ്ട്.

അതേസമയം, സെന്‍കുമാര്‍ പ്രതിപക്ഷവുമായി ചേര്‍ന്നു രാഷ്ട്രീയം കളിക്കുകയാണെന്ന ഒരു വിഭാഗം സിപിഎം നേതാക്കളുടെ സംശയമാണ് സര്‍ക്കാരിന്റെ ഹര്‍ജിക്കു പിന്നിലെന്നും വാദമുണ്ട്. പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച ചില രേഖകള്‍ അവര്‍ക്കു ചോര്‍ത്തി നല്‍കിയത് സെന്‍കുമാറാണെന്നാണ് ഭരണ കേന്ദ്രങ്ങളിലെ സംസാരം. വ്യത്യസ്ത നിലപാടുകള്‍ക്കൊടുവില്‍ സെന്‍കുമാറിന് നിയമനം നല്‍കാന്‍ ഏകദേശ ധാരണയായിരുന്നെങ്കിലും സര്‍ക്കാര്‍ വീണ്ടും മലക്കം മറിയുകയായിരുന്നു. രേഖ ചോര്‍ത്തിയെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുണ്ട്.