രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ ശരീരത്തിന്മേൽ പരിപൂർണ്ണാവകാശമില്ലെന്നു കേന്ദ്രം സുപ്രീം കോടതിയില്‍; ആയതിനാൽ ആധാര്‍ രജിസ്‌ട്രേഷനു വേണ്ടി വിരലടയാളങ്ങളുടെയും നേത്ര പടലങ്ങളുടെയും ഡിജിറ്റല്‍ സാമ്പിളുകള്‍ നല്‍കാന്‍ വിസമ്മതിക്കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു

single-img
3 May 2017

ന്യൂഡല്‍ഹി: പൗരന്മാര്‍ക്ക് തങ്ങളുടെ ശരീരത്തില്‍ പൂര്‍ണ്ണ അവകാശമില്ലെന്നും, ആധാര്‍ രജിസ്‌ട്രേഷനു വേണ്ടി വിരലടയാളങ്ങളുടെയും നേത്ര പടലങ്ങളുടെയും ഡിജിറ്റല്‍ സാമ്പിളുകള്‍ നല്‍കാന്‍ വിസമ്മതിക്കാനാവില്ലെന്നും കേന്ദ്രം ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

സ്വന്തം ശരീരത്തിനു മേല്‍ പൂര്‍ണ്ണ അവകാശമുണ്ടെന്നത് വെറും മിത്താണെന്നും അത്തരമൊരു അവകാശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവിധ നിയമങ്ങളുണ്ടായിരുന്നുവെന്നും ജസ്റ്റിസുമാരായ എ കെ.സിക്രി, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനോട് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും വരുന്ന ജൂലൈ ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 139-AA യുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പെറ്റീഷന്റെ പശ്ചാത്തലത്തിലായിരുന്നു എജി യുടെ വാദം.

ആത്മഹത്യ ചെയ്യുന്നതും, സ്ത്രീകള്‍ ഗര്‍ഭധാരണം അലസിപ്പിക്കുന്നതും നിയമം മൂലം നിരോധിക്കുന്നത് ഒരു പൗരനും തങ്ങളുടെ ശരീരത്തിന്മേൽ പൂര്‍ണ്ണ അവകാശമില്ലാത്തതിനാലാണെന്ന് റോഹത്ഗി വ്യക്തമാക്കി. അങ്ങനെ പൂര്‍ണ്ണമായ അവകാശമുണ്ടായിരുന്നെങ്കില്‍, ആളുകള്‍ തങ്ങളുടെ ശരീരം ചെയ്യാന്‍ ആഗ്രഹിച്ചതെന്തും ചെയ്യുവാന്‍ സ്വതന്ത്രമായിരുന്നിരിക്കണം. പക്ഷെ ജനങ്ങള്‍ക്ക് അവരുടെ ശരീരത്തില്‍ നിയമം സമ്പൂര്‍ണാവകാശം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

പക്ഷേ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അറ്റോര്‍ണി ജനറലിന്റെ ഇത്തരം വാദങ്ങളൊന്നും തന്നെ ബോധ്യപ്പെട്ടില്ലെന്നും ഇത് ടാക്‌സ് നിയവുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല പൗരന്റെ വ്യക്തി സ്വാതന്ത്ര്യവും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ തുല്യത ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഒരു ക്രിമിനല്‍ കേസിലെ പ്രതികളുടെ രക്തക്കറകളുടെയും വിരലടയാളങ്ങളുടെയും സാമ്പിളുകള്‍ ശേഖരിക്കുന്നതിന് യാതൊരു സമ്മതവും ആവശ്യമില്ല. അതുപോലെ നികുതിയടക്കാത്തവരെയും കള്ളപ്പണക്കാരെയും പിടികൂടുന്നതിന് ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ യാതൊരു കുഴപ്പമില്ലെന്നായിരുന്നു എജി യുടെ മറുപടി. മാത്രമല്ല ആധാര്‍ ആക്ട് പാസാവുന്നതോടെ ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിത്തീരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആധാര്‍ എന്നത് ഒരു നിര്‍ബന്ധിത ഘടകമല്ലെന്നും പൗരന്മാര്‍ക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുള്ള പ്രത്യക സംവിധാനമാണിതെന്നായിരുന്നു ഈ പദ്ധതിയെക്കുറിച്ച് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയത്. പക്ഷേ ആധാര്‍ കാര്‍ഡിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് ഒരു നിര്‍ബന്ധിത ഘടകമാണെന്നാണ് ആധാര്‍ ആക്ടിലെ 7, 54 സെക്ഷനുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് രോഹത്ഗി കോടതിയെ അറിയിച്ചത്.

നികുതി വെട്ടിപ്പ് തടയുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനും പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ നിര്‍ബന്ധമാക്കുകയാണെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരെയും ട്രാക്കിലാക്കാനല്ലെന്നും ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ നികുതിദാന രാഷ്ട്രമാക്കുന്നതിനും ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമാണെന്നും റോഹത്ഗി വ്യക്തമാക്കി.

ആധാര്‍ എന്നത് ഏറ്റവും ആധുനികമായ തിരിച്ചറിയല്‍ രേഖാ പദ്ധതിയാണെന്നും ആധാറിനെ പോലൊരു തിരിച്ചറിയില്‍ രേഖ സ്വന്തമാക്കാന്‍ ആരും മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ മറന്നുപോകുകയാണെങ്കില്‍, നിങ്ങളെ മറക്കാന്‍ ഭരണകൂടം തയ്യാറല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.