ബിജെപി നേതാവും ലോക്സഭാംഗവുമായ മനോജ് തിവാരിയുടെ ഡല്‍ഹിയിലെ വീട് ആക്രമിച്ച് കവര്‍ച്ച; നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
1 May 2017

ഡല്‍ഹി: ബിജെപി നേതാവും ലോക്സഭാംഗവുമായ മനോജ് തിവാരിയുടെ ഡല്‍ഹിയിലെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തി. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തിവാരി പറഞ്ഞു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഏകദേശം പത്തു പേരടങ്ങുന്ന സംഘം വീട്ടിലെത്തി കവര്‍ച്ച നടത്തിയത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് യൂണിഫോമിലുള്ള ഒരാളാണ് കവര്‍ച്ചക്കാരെ വീട്ടിലേക്ക് നയിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മനോജ് തിവാരി പറഞ്ഞു. മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഏട്ടോ പത്തോ പേരടങ്ങുന്ന സംഘം തന്റെ മുറി തെരഞ്ഞെന്നും വീട്ടിലുണ്ടായിരുന്ന ജീവനക്കാരെ മര്‍ദിച്ചെന്നും മനോജ് തിവാരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് ലോക്‌സഭാംഗത്തിന്റെ വീട് ലക്ഷ്യം വെച്ച് കവര്‍ച്ചക്കാരെത്തുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് എന്ത് സുരക്ഷിതത്ത്വമാണ് ഉണ്ടാകുക എന്ന് ബിജെപി നേതൃത്വം ചോദിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തിവാരി പറഞ്ഞു. മനോജ് തിവാരിയുടെ നേതൃത്വത്തില്‍ പ്രചരണത്തിനിറങ്ങിയ ബിജെപി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു.