നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവര്‍ക്ക് ഉത്തര്‍പ്രദേശ് വിട്ടുപോകാം: യോഗി ആദിത്യനാഥ്

single-img
30 April 2017

ഖരക്പുര്‍: നിയമം അനുസരിക്കാന്‍ കഴിയാത്തവര്‍ സംസ്ഥാനം വിട്ടു പോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന്റെ നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭാവിയിലും തുടരും. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവര്‍ക്ക് ഉത്തര്‍പ്രദേശ് വിട്ടുപോകാം. അല്ലാത്തവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു. യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഖരക്പുരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ഡല്‍ഹിയില്‍ അടുത്തിടെ കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയം, ജനങ്ങള്‍ മോദിക്കൊപ്പമാണെന്ന കാര്യം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.രാജ്യത്ത് വിഐപി സംസ്‌കാരത്തിന് അറുതി വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതോടെ ഇവിടെ വികസനം ആരംഭിച്ചുകഴിഞ്ഞതായും എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തിനായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.