ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ.സ്റ്റാലിന്‍

single-img
23 April 2017

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ.സ്റ്റാലിന്‍. ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് പാര്‍ലമെന്ററി സമിതിയാണ് നിര്‍ദ്ദേശിച്ചത്. രാജ്യത്തിന്റെ ഐക്യം ഇത്തരം നീക്കങ്ങളിലൂടെ തകര്‍ക്കപ്പെടുമെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഹിന്ദി അറിയാവുന്ന കേന്ദ്രമന്ത്രിമാരും എംപിമാരും അത് അവരുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്.

പൗരന്‍മാര്‍ക്കു മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഹിന്ദിയിതര ഭാഷകള്‍ സംസാരിക്കുന്നവരെ അവഗണിക്കുന്ന നീക്കത്തില്‍നിന്ന് നരേന്ദ്ര മോദിയും സംഘവും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒരുപടി കടന്ന് സിബിഎസ്ഇ സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയിരിക്കുകയാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഹിന്ദിയിതര ഭാഷകള്‍ സംസാരിക്കുന്ന ഭാവി തലമുറകളില്‍പ്പെട്ടവരെ ഉള്‍പ്പെടെ വഞ്ചിക്കുന്ന നടപടിയാണ് ബിജെപി സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും ഒരു വിഭാഗം ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.