സൈന്യത്തില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ചു പരാതി പറഞ്ഞ തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പിരിച്ചുവിട്ടു

single-img
19 April 2017
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോയിലൂടെ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ ബി.എസ്.എഫ് പിരിച്ചുവിട്ടു. ഇയാളുടെ പ്രവര്‍ത്തനം സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
അച്ചടക്കലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു ഇയാള്‍.
വിചാരണയ്ക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
ജനുവരി ഒമ്പതിനായിരുന്നു അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്നാരോപിച്ചുകൊണ്ടുള്ള വീഡിയോ തേജ് ബഹദൂര്‍ പുറത്തുവിട്ടത്. പട്ടാളക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകമാറ്റി വില്‍പ്പന നടത്തുകയാണെന്ന ആരോപണവുമുണ്ടായിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് തേജ് ബഹദൂറിനെ വിചാരണ ചെയ്യാന്‍ സൈന്യം തീരുമാനിച്ചത്.