ദല്‍ഹി മുനിസിപ്പല്‍ തെരെഞ്ഞെടുപ്പ്: മോദിയെ നേരിട്ടധിക്ഷേപിക്കുന്ന പ്രചരണങ്ങളില്‍ നിന്നു പിന്മാറി ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും

single-img
15 April 2017

ഡല്‍ഹി മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണതന്ത്രങ്ങളില്‍ കാതലായ മാറ്റം വരുത്തി ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടാക്രമിക്കുന്ന തരത്തിലുള്ള പ്രചാരണരീതികള്‍ ഒഴിവാക്കിയാണു ഇത്തവണ ആം ആദ്മി പാര്‍ട്ടി തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ഈയടുത്ത് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളിലും ബൈ ഇലക്ഷനുകളിലും ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടികള്‍ നേരിട്ടതും ബിജെപ്പിയ്ക്കു വലിയ നേട്ടങ്ങളുണ്ടായതുമാണു തന്ത്രങ്ങളില്‍ മാറ്റം വരുത്താനുള്ള കാരണം.

തങ്ങള്‍ 2015-ലെ നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നേ സ്വീകരിച്ച തരത്തിലുള്ള ‘പോസിറ്റിവ്’ പ്രചാരണങ്ങളിലാകും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു ആം ആദ്മി നേതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ ചെയ്തിട്ടുള്ള നല്ലകാര്യങ്ങളെ ഉയര്‍ത്തിക്കാട്ടിയുള്ള പോസിറ്റിവ് കാമ്പയിന്‍ വഴി 2015-ല്‍ തങ്ങള്‍ നേടിയ വിജയം മുനിസിപ്പല്‍ തെരെഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രത്യാശിക്കുന്നത്.

മോദിയെ നേരിട്ടാക്രമിച്ചുകൊണ്ട് 2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിയ്ക്ക് സ്വന്തം തട്ടകമായ ഡല്‍ഹിയില്‍പ്പോലും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടിവന്നു. എന്നാല്‍ തൊട്ടടുത്തവര്‍ഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ പ്രചരണതന്ത്രം മാറ്റിപ്പിടിച്ച ആപ്പിനു തങ്ങളുടെ തട്ടകങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുകയും ചെയ്തു.

യുപിയിലും ഉത്തരാഖണ്ഡിലുമെല്ലാം ബിജെപി നേടിയ വന്‍ വിജയമാണു മോദിയെ ആക്രമിക്കുന്നതില്‍ നിന്നും പിന്തിരിയാനുള്ള പ്രധാന കാരണം. ഡല്‍ഹിയിലെ വലിയൊരു വിഭാഗം അന്തേവാസികള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണു. മോദിയ്ക്ക് വലിയ ജനസമ്മിതിയുള്ളാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലുള്ള ഡല്‍ഹിയില്‍ മോദിയെ ആക്രമിക്കുന്ന പ്രചാരണരീതികള്‍ തിരിച്ചടിക്കുമെന്ന ഭയമാണു പുതിയതീരുമാനത്തിനു പിന്നില്‍.