മീററ്റ്-ലക്നൌ രാജ്യറാണി എക്സ്പ്രസ്സിന്റെ എട്ടുബോഗികള്‍ പാളം തെറ്റി; പത്തോളം പേര്‍ക്ക് പരിക്ക്

single-img
15 April 2017

മീററ്റ്-ലക്നൌ റൂട്ടിലോടുന്ന രാജ്യറാണി എക്സ്പ്രസ്സിന്റെ എട്ടു കോച്ചുകള്‍ പാളം തെറ്റി. ഉത്തര്‍പ്രദേശിലെ രാം പൂര്‍, മുന്ദപാണ്ട എന്നീ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഒരു പാലത്തിനു സമീപമാണു അപകടമുണ്ടായത്. ഇന്നു രാവിലെ 8:15-നാണു അപകടമുണ്ടായത്.

അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ അധികൃതര്‍ ഉടന്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. അപകടം മൂലം തടസ്സപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല എന്നാണു ലഭ്യമായ വിവരം.

 

രക്ഷാപ്രവര്‍ത്തനങ്ങളെ നേരിട്ടു നിയന്ത്രിക്കുകയാണെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും ട്വീറ്റ് ചെയ്ത കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു, സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപായും നിസാരപരിക്കേറ്റവര്‍ക്ക് 25000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഇതുകൂടാതെ റെയില്‍വേയും 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.