സാത്താന്‍ സേവയും റെയിന്‍ റെയിന്‍ കം എഗെയിനും; ആസ്ട്രല്‍ പ്രൊജക്ഷന്‍ വാര്‍ത്തകളില്‍ നിറയുന്ന ഈ സമയത്ത്, 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അതിനെപ്പറ്റി സിനിമയെടുത്ത ജയരാജിനു പറയാനുള്ളത്

single-img
14 April 2017

തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവ മലയാളികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഞെട്ടിപ്പിക്കുന്ന പുതിയൊരറിവായിരുന്നു.എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ സാത്താന്‍ സേവ പ്രമേയമായിട്ടുള്ളൊരു മലയാള സിനിമ പുറത്തിറങ്ങിയിരുന്നുവെന്ന് പലര്‍ക്കുമറിയില്ല.പ്രശസ്ത സംവിധായകന്‍ ജയരാജിന്റെ ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രമായിരുന്നു അത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ സാത്താന്‍ സേവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സാത്താന്‍ സേവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുമ്പോള്‍ ഈ ജയരാജ് ചിത്രവും വീണ്ടും ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇങ്ങനെയൊരു പ്രമേയത്തിലൂന്നി സിനിമ ചെയ്യാന്‍ തന്നെ എത്തിച്ച വഴിയെക്കുറിച്ച് ‘മാതൃഭൂമി’യുമായുള്ള അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുകയാണദ്ദേഹം.

”സാത്താന്‍ ഡോട്ട് കോം എന്ന ഒരു വെബ്‌സൈറ്റില്‍ നിന്നാണ് സാത്താന്‍ സേവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഇങ്ങനെയൊരു ആരാധന നടക്കുന്നു എന്ന് അറിയുന്നത് അപ്പോഴാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ പലയിടത്തും ഇങ്ങനെയൊന്നുണ്ടെന്ന് അറിയുന്നത്. കേരളത്തില്‍ കൊച്ചിയില്‍ മട്ടാഞ്ചേരിയിലും മറ്റുമുണ്ടെന്ന് കേട്ടിട്ടുണ്ട്. അല്ലാതെ കണ്ടറിവൊന്നുമില്ല. ഇത്തരം സംഘങ്ങളില്‍ ഒത്തു ചേരുന്നത് പലപ്പോഴും ധനികരായിരിക്കും. വളരെ ഭ്രാന്തമായ ഒരന്തരീക്ഷമായിരിക്കും അവിടെയെന്നും അഭുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇങ്ങനെ നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അത്ഭുതമാണ് തോന്നിയതെന്ന് ജയരാജ് കൂട്ടിച്ചേര്‍ത്തു. ”സിനിമ ഇറങ്ങിയിട്ട് ഇപ്പോള്‍ 13 വര്‍ഷമായി. ഇങ്ങനെയൊരു സംസ്‌കാരം വളര്‍ന്നുവരുന്നു എന്ന് അറിയിക്കുക കൂടി ചെയ്യലായിരുന്നു ആ സിനിമ കൊണ്ടുദ്ദേശിച്ചത്. അത് വളരെ ഭീകരമായൊരു കാര്യമാണ്. സിനിമ പരാജയമായിരുന്നെങ്കിലും അത് കണ്ട പലരും ഇത് സത്യമാണോ എന്ന് ചോദിച്ചിരുന്നു. സാത്താന്‍ സേവകരുടെ ഹോളി മാസ് നടക്കുന്ന സമയത്ത് ലൂസിഫറിനെയാണ് അവര്‍ ആരാധിക്കുന്നതെന്നും മറ്റും കേട്ടിരുന്നു. അന്നൊന്നും ഇതിന് വ്യക്തമായ തെളിവുകളില്ലായിരുന്നു.” അദ്ദേഹം തുടര്‍ന്നു.

പക്ഷേ ഒരു കാര്യം വ്യക്തമാണ്. കേരളത്തില്‍ ഇങ്ങനെയൊന്ന് നടക്കുന്നു എന്നത് വളരെ പേടിപ്പെടുത്തുന്ന കാര്യമാണ്. ഇതിനെക്കുറിച്ച് നേരത്തെ അറിയാവുന്നതുകൊണ്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അദ്ഭുതമുണ്ടാക്കുന്നില്ല. ഇത് ലോകത്തില്‍ മുഴുവന്‍ നിരോധിച്ചതാണ്. അതുകൊണ്ടുതന്നെ അതീവരഹസ്യമായാണ് ഇവര്‍ ഒത്തുചേരുന്നത്. ഈ സംഘത്തില്‍പ്പെട്ടവര്‍ക്ക് പിന്നെ പുറത്തിറങ്ങി നടക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നാണ് കേട്ടിട്ടുള്ളത്.

മാനസികമായി വളരെ വികലമായ ഒരവസ്ഥയിലേക്കാണ് ഇത്തരക്കാര്‍ എത്തിച്ചേരുക. കൂടാതെ ഭ്രാന്തിന്റെ മറ്റൊരവസ്ഥയിലേക്കും അവര്‍ എത്തിയേക്കാം. അല്ലാതെ സ്വന്തം മാതാപിതാക്കളെ ഒരിക്കലും കൊലപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഒരാള്‍ എത്തില്ലല്ലോ’ എന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.