മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ആവേശം നിറച്ച് പ്രവാസി വോട്ടര്‍മാരും

single-img
12 April 2017

മലപ്പുറം: വീറും വാശിയും മുറ്റിനിന്ന പ്രചരണങ്ങള്‍ക്കൊടുവില്‍ മികച്ച പോളിങ് പുരോഗമിക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ മറ്റൊരാവേശം ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തിയ പ്രവാസി വോട്ടര്‍മാരാണ്. ഗള്‍ഫില്‍ നിന്നുള്ള വോട്ടര്‍മാര്‍ കഴിഞ്ഞ തവണത്തേക്കാളും കുറവാണെങ്കിലും രാജ്യത്തിനകത്തുള്ള പ്രവാസി വോട്ടര്‍മാരെ കൂടുതലായി എത്തിക്കാനായിരുന്നു മുന്നണികളുടെ ശ്രമം.

ചെന്നൈയില്‍ നിന്ന് മൂന്ന് ബസുകളിലാണ് ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ നേതൃത്വത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. കര്‍ണാടകയില്‍ നിന്നും എത്തിയ വോട്ടര്‍മാരുടെ എണ്ണവും കുറവല്ല. കെഎംസിസിക്ക് പുറമേ സിപിഎം അനുകൂല സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലും പ്രവാസികളെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തില്‍ കൊണ്ടുവന്നു.

പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വോട്ടുറപ്പിക്കാനും ഈ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. ഇതിനായി സംഘടനകള്‍ മണ്ഡലത്തില്‍ കുടുംബ സംഗമങ്ങളും നടത്തിയിരുന്നു. വല്ലപ്പോഴും മാത്രം തങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടു ചെയ്യാനുള്ള അവസരം ലഭിച്ചതിലും തിരഞ്ഞെടുപ്പ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെയും ആഹ്ലാദത്തിലാണ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ പ്രവാസികള്‍. വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്.

സമൂഹമാധ്യമങ്ങള്‍ വഴിയും പ്രവാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് നടത്തിയത്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പ്രതീക്ഷയുള്ള ലീഗിന് ഗള്‍ഫ് പ്രവാസികളുടെ എണ്ണം കുറഞ്ഞത് ആശങ്കയുളവാക്കുന്നുമുണ്ട്.