കേദല്‍ ജീന്‍സണ്‍ കുറ്റം സമ്മതിച്ചു; നടന്നത് ചെകുത്താന്‍ സേവ; ‘ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചത്’

single-img
11 April 2017

തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട് ഒരു വീട്ടിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജ (30) കുറ്റം സമ്മതിച്ചു.

ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ജീന്‍സണ്‍ മൊഴി നല്‍കി. ചെകുത്താന്‍ സേവ നടത്തിയതാണ്, ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചത്, കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേദല്‍ മൊഴി നല്‍കി.

ബുധനാഴ്ച്ചയാണ് കൃത്യം നടത്തിയത്. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ച ശേഷം മഴു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അന്നു തന്നെയാണ് ബന്ധുവിനെയും കൊലപ്പെടുത്തിയത്. പിടികൂടി മണിക്കൂറുകള്‍ക്കകമാണ് കേദലിന്റെ കുറ്റസമ്മതം. ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കേദലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. പിന്നീട് കേദല്‍ ചെന്നൈയിലേക്ക് പോയി റൂം വാടകയ്ക്കെടുത്തു താമസിച്ചു. തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കേദലിനൊപ്പം നാഗര്‍കോവില്‍ മുതല്‍ പൊലീസ് ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകീട്ടോടെ തമ്പാനൂര്‍ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. കേദല്ലിന്റെ കൈവശം എണ്‍പതിനായിരത്തോളം രൂപയുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (25), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

അര്‍ധരാത്രിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമനാസേനയും തീകെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.